കാശില്ലാത്തവരുടെ കൈലാസ യാത്രകൾ


പ്രേവേശികാ കാണ്ഡം


പൊൻ കമലങ്ങൾ പൂക്കുന്ന മാനസപൊയ്കതൻ 
തെളിനീരകത്താക്കിയും
നെറ്റിമേൽ പട്ടമേന്തിയ കൌതുകംചെറ്റു നേരമാ-
 നാൽകൊമ്പനേകിയും
നല്ല കല്പകപൊൻതളിർ പട്ടുനീർ തുള്ളിപാറുന്ന
 കാറ്റാൽ പറത്തിയും
ഛായമാറും നിനക്കുല്ലസിച്ചിടാം സ്ഫാടിക പ്രഭാ-
 ശുഭ്രമാം അദ്രിയിൽ
(മേഘസന്ദേശം;മല പരിഭാഷ- തിരുനെല്ലൂർ) 


എങ്ടാണ് യാത്ര?
“കൈലാസത്തിലേക്ക്.“

എന്താണ് കൈലാസം ?
“ശിവന്റെ ഇരിപ്പിടാ“.

ആരാണ് ശിവൻ?

“ദൈവോണ്“.

(ഇത്രയും ഉത്തരം പറഞ്ഞ് കുട്ടൻ തലയിലെ ചുമട് താഴെയിറക്കി വെക്കുന്നതായ് ഭാവിച്ച് കളി തുടർന്നു  ചോദിച്ച ഏടത്തികുട്ടിയുടെ സംശയവും തീർന്നു.)


വളർന്നപ്പോൾ ശിവനെപറ്റി എന്തു മനസ്സിലായി?

സർവ്വം വശീകൃതം യസ്മത് സ: ശിവ:
എല്ലാത്തിനെയും തന്നിലേക്ക് വശീകരിക്കുന്നവനെ ശിവൻ എന്നു പറയുന്നു.
ഓഹോ അപ്പോൾ വെറുതെയല്ല ഞാൻ ശിവനെ കുഞ്ഞിലേ മുതൽക്കെ ഇഷ്ടപ്പെടുന്നത്
ആളെന്നെ വശീകരിച്ചതാവും.

അപ്പോൾ ദൈവമുണ്ടെന്നു തന്നെയാണോ ഇപ്പോഴും വിശ്വസിക്കുന്നത്.?

തീർച്ചയായും  വിശ്വസിച്ചാലും ഇല്ലെങ്കിലും ദൈവം എന്നത് ആദിമ മനുഷ്യൻ തന്റെ ആപത്ത് കാലങ്ങളിൽ നിർമ്മിച്ച സുന്ദരമായ സങ്കല്പമാണ്.പിന്നീട്  തെറ്റു ചെയ്യാതിരിക്കുവാനുള്ള ഒരു സ്വയം ഭയപ്പെടുത്തലും.
 ദൈവമെന്ന സങ്കല്പത്തെ  ഇനി അതിന്റെ ജനയിതാവായ മനുഷ്യൻ വിചാരിച്ചാൽ തകർക്കാൻ പറ്റില്ലാത്ര ഉയരത്തിൽ വളർന്നു.മഹർഷിയുടെ കൈകുമ്പിളിൽ കിട്ടിയ മത്സ്യത്തെ പോലെ വളർന്ന് വളർന്ന് സാഗരത്തിൽ മാത്രം നിലനിൽക്കു എന്ന പോലെ, ദൈവം എന്ന പിടികിട്ടാപുള്ളി ഭവസാഗരത്തിന്റെ ആഴങ്ങളിലെവിടെയോ നിലനിൽ‌പ്പുണ്ട് . ജീവിത സാഗരം കടക്കുവാൻ പ്രയാസപ്പെടുന്ന ആർത്തന്മാർ ദൈവമേ എന്നു വിളിച്ചു നീന്തി കരകയറുന്നു.മുങ്ങിയാൽ പിടിക്കാൻ ആളുണ്ട് എന്ന ധാരണയിൽ. അതിനൊപ്പം ദൈവത്തിന്റെ പേരിന്റെ  മറവിൽ മറ്റൊന്നു കൂടി വളർന്നു. കുരീപ്പുഴയുടെ കവിതയിൽ പറയും പോലെ
“നിത്യേന ഗീതവായിക്കുകയും 
അത് കൂടെ കൊണ്ട് നടക്കുകയും ചെയ്ത 
ആളായിരുന്നു ഗാന്ധി
അങ്ങനെതന്നെ ഗോഡ്സെയും.“
എന്നപോലെ ധർമ്മ ഗ്രന്ഥങ്ങളെ വിപരീത ധ്രുവങ്ങളുലുള്ള ആൾക്കാർ ഉപയോഗിക്കുവാൻ തുടങ്ങി.

അതെ ദൈവം എന്ന ആ സങ്കല്പം വളർന്നുവലുതായ് .ദൈവരാജ്യം വരുത്തുവാനായ് മൊട്ടുസൂചി മുതൽ അണുബോബ് വരെ നിർമ്മിച്ചു കൊണ്ടിരിക്കുന്നു.
 തനിക്കറിയാത്ത കാര്യങ്ങളൊക്കെ ചെയ്യുന്ന, ഈ വലിയ പ്രപഞ്ചം നിയന്ത്രിക്കുന്ന ആരോ ഓരാൾ. എല്ലാത്തിലും കുടികൊള്ളിന്നു. ഒന്നിലും ഒട്ടില്ലതാനും എന്നു തിരിച്ചറിയുന്നു.

അതൊക്കെ ശരിതന്നെ ,എന്നിട്ട് കൈലാസത്തിൽ ശിവനെ കണ്ടോ ?

ഇല്ല, എന്താണ് ശിവൻ എന്നുദ്ദേശിക്കുന്നത് മനസ്സിലായ്.അത് ഇതിലെ കാങ്ങ് റിമ്പോച്ച എന്ന അദ്ധ്യായത്തിൽ വിവരിക്കുന്നുണ്ട്. 

പിന്നെ കണ്ടെതെന്താണ്?

 ഒരു ആത്മീയരാജ്യത്തിന്റെ നായകനെ ഓടിച്ചു വിട്ട് ജനങ്ങളെ അടിമകളാക്കി ദാരിദ്ര്യത്തിലേക്കും മാനസികസംഘർഷങ്ങളിലേക്കും തള്ളിവിട്ടിട്ട് അൻപത് വർഷം കഴിഞ്ഞിട്ടും അയൽ രാജ്യത്തിൽ സോഷ്യലിസം അല്ല പിടിച്ചുപറിയാണ് ചൈന നടത്തുന്നതെന്ന് മനസ്സിലായ്.അപ്പോൾ സ്വതന്ത്രവാർത്താനിരോധനമുള്ള  ചൈനയ്ക്കകത്ത് എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചാൽ ഭയം തോന്നുന്നു.

ഇങ്ങനെയൊക്കെ പോകുവാൻ മാത്രമുള്ള പണം കൈയിലുണ്ടായിരുന്നോ?
വിസയും പാസ്പോർട്ടും രേഖകളൂം?

ഇല്ല, അതു കൊണ്ട് വിസയില്ലാതെ ഒരു രാജ്യത്ത് എങ്ങനെ എത്താം എന്നു തിരക്കാതെ, തിബറ്റ് എന്ന എന്റെ അയൽ രാജ്യത്ത് കോടിക്കണക്കിന് ഭാരതീയർ വിശ്വസിക്കുന്ന ഒരു ദൈവദേശം കാണുവാൻ പോയതാണ്. ഭിക്ഷക്കാർക്ക് ഏത് രാജ്യത്തും പണം വേണ്ട. ഒരടിയൊന്നും കിട്ടിയാൽ കുഴപ്പമില്ല എന്ന വിചാരം നല്ലതാണ്. എത്ര ചീത്തവിളികേട്ടാലും തലകുനിച്ച് നിന്ന് ഇനിയും വേണമെങ്കിൽ തല്ലിക്കൊ തമ്പ്രാ എന്ന വിനിമ്ര ഭാവം സ്വതവെ ഇണങ്ങും. അല്ലെങ്കിൽ തന്നെ ഒരു തെറ്റും ചെയ്യാത്ത നൂറുകണക്കിനാളുകളെ സ്വന്തം രാജ്യത്ത് ദേശദ്രോഹി എന്ന പേരിൽ ജയിലിലിട്ടിരിക്കുമ്പോൾ രാജ്യാന്തരനിയമം ലംഘിച്ചു എന്ന തെറ്റു ചെയ്തിട്ടാണെങ്കിലും ജയിലിൽ പോകുന്നതിന് ഒരു രസമൊക്കെയുണ്ട്. പിന്നെ ‘നശേ ബലസ്യേതി ചരേതധർമ്മ‘ എന്ന ആപ്തവാക്യം കൂട്ടിനുണ്ട്.എന്നുവെച്ചാൽ അടി കിട്ടും എന്നുറപ്പാണെങ്കിൽ ‘പൂഴി‘ക്കടകൻ ആവാം.അടിച്ചാൽ തോൽക്കും എന്നുറപ്പുള്ള ശക്തനായ എതിരാളിയുടെ കണ്ണിൽ പൂഴിവാരിയെറിഞ്ഞു ഓടുക എന്നത് ആപദ് ധർമ്മമാണ്. ഒരുകാലത്ത് തിബറ്റിലെ കൈലാസത്തിൽ ഭാരതീയ രാജക്കന്മാർക്ക് അവകാശം കൽ‌പ്പിച്ചു നൽകിയിരുന്നു.രണ്ട് പ്രാവിശ്യം ഇൻഡ്യൻ രാജാക്കന്മാർ കീഴടക്കി ഭരിച്ചിരുന്നു അതിനു ശേഷവും ചൈനയുടെ അധീനതയിൽ പോലും ഇപ്പോൾ നമ്മൾ നേപാളിലേക്ക് പോകും പോലെ  ഇത്രയൊന്നും കഷ്ടപെടാതെ മര്യാദയ്ക്ക് പോകാമായിരുന്നു.5000 സൈനികർമാത്രമുണ്ടായിരുന്ന ഈ ആത്മീയ രാജ്യത്തെ ചൈന അടിമപ്പെടുത്തിയപ്പോൾ അവരേർപ്പെടുത്തിയ നികുതിയും നീതിയും അന്തരാഷ്ട്രകോടതിക്ക് സ്വീകാര്യമായിരിക്കും. അതുപോലെ തന്നെ സത്യസന്ധർക്കും, മനാഭിമാനമുള്ളവർക്കും, നിർഭയർക്കും അതിനെ ഇഷ്ടമുള്ള തരത്തിലൊക്കെ ചോദ്യം ചെയ്യാം.ഞാനെന്തായാലും ചൈനഗവണ്മെന്റിന്റെ കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ പിടിച്ചുപറിയെ അങ്ങേയറ്റം വെറുക്കുന്നു.എന്റെ സങ്കല്പത്തിലെ കമ്മ്യുണിസ്റ്റിൽ ചൈനയിൽ നിന്നും നേതാവാകാൻ പറ്റിയ ഒരാൾ പോലും ഇല്ല.  മാവോ കവിത എഴുതാറുണ്ടായിരുന്നു.എങ്കിലും കവിയായിരുന്നില്ല. കവിക്ക് ആർദ്ര ഹൃദയം ഉണ്ടാവും അതിനു പകരം മാവോ നീതിയെ തെല്ലും മാനിക്കാത്ത കാട്ടാളനായിരുന്നു എന്ന് ദലൈലാമയുടെ ജീവിത ചരിത്രത്തിൽ നിന്നും മനസ്സിലാകും,ചരിത്രത്തിൽ നിന്നും. സോഷ്യലിസത്തെ പറ്റി ഓഷോവക ചെറിയൊരു ഫലിതമുണ്ട്. അതേകദേശം ഇപ്രകാരം ആണ്. അമേരിക്കൻ പ്രസിഡന്റ് റഷ്യയിൽ സന്ദർശനത്തിനു വന്നപ്പോൾസോഷ്യലിസം മൃഗങ്ങളിൽ പോലും സാദ്ധ്യമാണ് എന്നത് സൂചിപ്പിക്കാൻ സിംഹവും മാൻ കുട്ടിയും ഒരു കൂട്ടിൽ തന്നെ കിടക്കുന്നു മൃഗശാലയിൽ അദ്ദേഹത്തെ കൊണ്ടു പോയ് കാണിച്ചു.സംഭവം കണ്ട് ഞെട്ടിയ അമേരിക്കൻ പ്രസിഡന്റ് മൃഗശാല സൂക്ഷിപ്പുകാരനെ രഹസ്യമായ് കണ്ട് വിവരം തിരിക്കി.അപ്പോൾ തികച്ചും നിസംഗഭാവത്തിൽ അയാൾ കൂടിന്റെ പിന്നിലെ മാൻ തോലിന്റെ കൂമ്പാരം കാണിച്ചു പറഞ്ഞു “അത് സിംഹത്തിനു വിശക്കാത്ത രണ്ട് മണിക്കൂർ നേരം മാത്രമാണ് ഈ ഷോ”. പാമ്പും പഴുതാരയും തേളും തിന്നുന്ന ചൈനക്കാരന്റെ സ്വഭാവം അത്ഭുതത്തോടെയാണ് വീക്ഷിച്ചിരുന്നത്. പക്ഷേ അത്  ചീത്തയായ്  അയൽ രാജ്യത്തെ മനുഷ്യരെയും യാതൊരു കാരണവുമില്ലാതെ അടിച്ചമർത്തി നശിപ്പിക്കുന്നതരത്തിൽ എത്തിനിൽക്കുന്നു . അതുകൊണ്ട് തിബറ്റിലേക്ക് പോകുവാൻ ലളിതമായ മലയാളത്തിൽ പറഞ്ഞാൽ ‘വല്ല്യപാട‘. നേപാളിലേക്കോ മ്യാന്മറീലേക്കോ ഭൂട്ടനിലേക്കോ  ബംഗ്ലാദേശിലേക്കോ പോകും പോലെ കേവലം ഐഡന്റിറ്റികാർഡിലൊതുങ്ങില്ല.. നൂറുകണക്കിന് ഭീകരവാദികളും ദേശദ്രോഹികളും നിയമലംഘകരും ഒക്കെ എതൊക്കെ തരത്തിൽ ആണോ മറ്റൊരു രാജ്യത്തെക്ക് പോകുന്നത് എന്നത് നമ്മുടെയൊക്കെ ഒരു സംശയം ആണല്ലോ . അവർക്ക് മുന്നിലും ഈ പട്ടാളവും പോലീസും നിയമവും ഒക്കെയുണ്ടല്ലോഅല്ലെ. എന്നിട്ടേന്തേ പിടിക്കാതിരിക്കുന്നു?. പ്രതിവർഷം മൂവായിരത്തോളം തിബറ്റുകാർ നേപാൾ വഴി ഭാരതത്തിലേക്ക് ഒളിച്ച് കടക്കുന്നുണ്ട് അതിലൊരു മാർഗ്ഗം ഞാനും തരപ്പെടുത്തി . വെളിപ്പെടുത്താവുന്ന വിവരങ്ങൾ വെളിപ്പെടുത്താം വീണ്ടും യാത്ര പോകണം എന്നാഗ്രഹം ഉള്ളത് കൊണ്ട് വിസയില്ലാതെ അതിർത്തി എങ്ങനെ കടക്കും എന്നതിന്റെ (അ)ശാസ്ത്രീയ വശങ്ങൾ തുറന്നുപറയാൻ നിർവ്വാഹമില്ല.പിന്നെ നിസ്സഹായരായ മനുഷ്യരുടെ ആശകൾ എങ്ങനെയൊക്കെ സാക്ഷാത്കരിക്കപെടും എന്ന് ഇതിലെ ചില അദ്ധ്യായങ്ങളിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാം.

ഈ ദേശം കാണാൻ കൂടുതൽ പ്രേരണ എന്തായിരുന്നു?.

70 എം എം സിനിമയൊക്കെ ഉണ്ടാവുന്നതിനും ആയിരത്താണ്ടുകാൾക്ക് മുൻപേ ഡിജിറ്റൽ ഡോൽബി സിസ്റ്റത്തിൽ,ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയോടെ മൂന്ന് 70 എം എം സ്ക്രീനിന്റെ വലിപ്പത്തിൽ നേരിൽകാണും വണ്ണം അന്തം വിടാൻ പാകത്തിൽ ഹിമാലയത്തിന്റെ ഗാംഭീര്യവും മെയ്യഴകും ഒന്നൊഴിയാതെ കാളിദാസൻ ‘മേഘസന്ദേശ‘ത്തിൽ തിരക്കഥ പാടി വർണ്ണിച്ചു കഴിഞ്ഞു. എഴുതിയ വരികൾ പൂർണ്ണമായതൊന്നു കൊണ്ട് മാത്രം  ആ കവിത ഇന്നും മുന്നൂറിലധികം ഭാഷകൾക്കിടയിലും നൂറുകണക്കിനു ദേശങ്ങളിലും നിത്യസഞ്ചാരിയാവുന്നു . ഇനിയിത്രമേലാർദ്രമായ് എന്നെ തൊട്ടറിയാൻ വാക്കുണ്ടാവില്ല എന്ന് ഹിമാലയം സാക്ഷി. എന്നിട്ടുപോലും
പിന്നീടുവന്ന കവികളുടെ വർണ്ണനകൊണ്ടും പിൽക്കാലത്തുണ്ടായ സാഹസികയാത്രികരുടെ ആധിക്യം കൊണ്ടും  എഴുതുയെഴുതി പതം വന്ന സ്ഥലമാണ്‌ ഹിമാലയവും കൈലാസപർവ്വതവും. അതിനാൽ ഏതൊരു ദേശാടകനും കൊതിക്കും കൈലാസവും മാനസ സരസും കാണുവാൻ .  ഇപ്പോൾ ഏതു വായനക്കാരനും, യാത്രികനും അമ്മവീടോ ബന്ധുവീടോ ഒക്കെ പോലെ   ദാർച്ചുലയും ഡോൾമാല ചുരവും തക്ലാക്കോട്ടും അഷ്ടപദവും ഒക്കെ തിരിച്ചറിയാം എന്നായ്‌. ഈ തിരക്കിനിടയിൽ ഈയുള്ളവൻ പറയുന്ന കഥയ്ക്ക്‌ പ്രത്യേകതകൾ  ഒന്നുമില്ല എന്നുകരുതുന്നു . ആയതിനാൽ ഒന്നിനുമല്ലാതെ, എന്നാൽ ഹൃദയാന്തർവാസിയായ ആത്മനെ തേടി ‘ആ മലയിലും ഈ മലയിലും‘ അലയുന്ന മണ്ടന്മാരോട് ബ്രഹ്മർഷി യേശുനാഥൻ പണ്ടെ പറഞ്ഞ വാക്കുകളെ തോണ്ടി ഈ യാത്ര വിവരണം ആരംഭിക്കുന്നു. "അവൻ ആ മലയിലുമല്ല ഈ മലയിലുമല്ല വസിക്കുന്നത്‌ നിങ്ങളുടെ ഹൃദയങ്ങളിൽ ആണ്‌".

ഈയുള്ളവന്  ഒരു കുറിപ്പെഴുതാനുള്ള ആഗ്രഹം  മാനസസരോവര യാത്രയ്ക്ക് ശേഷം തീരെ തോന്നാതിരുന്നില്ല “ ഈ വക പ്രാന്തുകൾ സാധനയിലേക്ക് തിരിച്ചുവിട്ടാൽ ലോകത്തിന് എത്ര ഗുണകരമായേനെ“ എന്ന് ‘സബ്രഹ്മചാരി‘ വക കമന്റ് അതിനെ തടഞ്ഞു. ആ സമയത്ത് ഞാൻ സൂരത് ഗിരി സന്യാസി ആശ്രമത്തിലെ ബ്രഹ്മചാരിയായിരുന്നു.(അപ്പോൾ ഇപ്പോൾ അല്ലെ എന്നു ചോദിച്ചാൽ അല്പം ദൈന്യതയോടെ എന്റെ സുഹൃത്തായ ഋഷി ചൈതന്യയുടെ വിവാദാസ്പദമായ വാക്കുകൾ ഏറ്റു പറയുന്നു”ഞാനൊരു ബ്രഹ്മചാരിയല്ല.പകരം അവിവാഹിതനാണ്.സ്ത്രീകളോടുള്ള ശാരീരിക ബന്ധം മാത്രം ആണ് ബ്രഹ്മചര്യം എന്നു ഉദ്ദേശിച്ചാൽ ആ അർത്ഥത്തിൽ ബ്രഹ്മചാരിയാകുന്നുണ്ട്. പഴയ സമ്പ്രദായ പ്രകാരം ഒരു അവിവാഹിതൻ മാത്രം“.) അല്ലെങ്കിൽതന്നെ തെണ്ടിനടക്കുക എന്നത് ജീവിതമായി മാറിയവർക്ക്, ഒരിടത്ത് നിന്നും അടുത്ത ദിക്കിലേക്ക് അലഞ്ഞു കൊണ്ടിരിക്കുന്നവർ ഇങ്ങനെ എഴുതിയാൽ ശരിയാകുമോ എന്നും ശങ്കിച്ചു കാരണം അംഗീകൃത സഞ്ചാരിയല്ല, ദേശാടകനാണോ എന്നു ചോദിച്ചാൽ അതുമല്ല . പോരാത്തതിന് എഴുത്തിന്റെ വർണ്ണനാവിലാസത്തിനായ് ഒരു നാടും നോക്കി കണ്ടിട്ടില്ല, നാടായി ജീവിച്ചിട്ടേയുള്ളു. 
ഒരു നാട്ടുകാരനെയും വേറിട്ടല്ല പരിചയിച്ചത്.എന്റെ നാട്ടുകാരൻ എന്നനിലയിൽ തന്നെ . തിരിച്ച് അവരും തന്നിലൊരാളായി തന്നെ കണ്ടിട്ടുണ്ടാവും  . ഓരോ നാടുകാണുമ്പോഴും എന്റെ നാട്ടിലെ കുഞ്ഞമ്പുവേട്ടനെയും കണാരനെയും അബ്ദുക്കായെയും മത്തായിച്ചേട്ടനെയും ഒക്കെ മറ്റുള്ള നാട്ടിൽ കണ്ടുമുട്ടുന്നതിന്റെ സന്തോഷം . അവരുടെ നന്മയും സന്തോഷവും ദുഃഖവും ഒക്കെ ഈയുള്ളവന്റെതും  കൂടി ആയത് കൊണ്ട് അവരിലൊരാളാവാൻ എല്ലായിടത്തും സാധിക്കുന്നുണ്ടെന്നാണ് തോന്നിയത്.   അതുകൊണ്ട് ‘ആസേതുഹിമാചലം‘ വരെ പണമൊന്നും കരുതാതെ കാൽ നടയായ് സഞ്ചരിക്കാനായി .ഏകദേശം മൂന്നരവർഷക്കാലം ഭാരതത്തിന്റെ ഗ്രാമഗ്രാമന്തരങ്ങളുടെ തരുച്ഛായകളിലും താഴ്വാരങ്ങളിലും മലമുകളിലും നദീതീരത്തും അന്യാദൃശമായ ആത്മസന്തോഷത്തോടെ ഒരു തോൾ സഞ്ചിമാത്രം കൈമുതലായ്  നടക്കാനായി. ആർക്കും ഒന്നും മോഷ്ടിക്കാനില്ല എന്ന സത്യം സ്വയം തിരിച്ചറിഞ്ഞത് കൊണ്ട് പെരുവഴികളിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാനായി. നടന്ന് പേശികൾ വലിഞ്ഞു മുറുകുന്നതിനാൽ നിദ്രാദേവിയെകാത്ത് ഒരു നിമിഷം പോലും തിരിഞ്ഞു മറിഞ്ഞു കിടക്കേണ്ടി വന്നില്ല. കൈയ്കാശില്ല എങ്ങനെ  കഴിയും എന്ന് ഒരു നിമിഷം പോലും ചിന്തിക്കാൻ ഇടവന്നില്ല. ഗ്രാമങ്ങളുടെ കരുതലും കരുണയും പഥികനോടും അഭ്യാഗതനോടും എത്രമാത്രം തന്മയീഭാവത്തോടെയാണെന്ന് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഭൂട്ടാന്റെ ഒരു ഭാഗംമുതൽ പാക്കിസ്ഥാനെ തൊട്ടു പോവുന്ന വലിയൊരു പർവ്വതഭൂഭാഗത്തെ ചുറ്റിനടന്നിട്ടും നാട്ടിലെ ചൊക്കരമുടി ആദ്യം കയറിയപ്പോൾ ഉണ്ടായ കൌതുകം തന്നെയാണ് അവിടെയും ചുറ്റിപറ്റി നിന്നത്. എത്രയധികം ഹിമാലയൻ കാടുകളും പൂക്കളെയും തൊട്ടു നോക്കിയിട്ടും കൊല്ലിമലയിലും ഇരുമലക്കുടിയിലും കറങ്ങിനടന്ന കാറ്റിന്റെ അതേ മണവും, കാടുകൾക്ക് അതേ ചൂരും തന്നെ വട്ടമിട്ടു നിന്നു. അല്ലെങ്കിൽ തന്നെ തനി നാട്ടുമ്പുറം സ്നേഹികൾ എവിടെ ചെന്നാലും മനസ്സിൽ നാടിനെ കൂടെ കൂട്ടാറുണ്ട് .

 ഒരിക്കൽ എഴുത്തുകാരൻ സക്കറിയായുമായ്, സപ്തർഷികൾക്ക് കുളിക്കുവാനായ് ഗംഗ ഏഴായ് വഴി പിരിഞ്ഞതെന്ന് വിശ്വസിക്കുന്ന സപ്തസരോവരത്തിലെ ഒരു ദ്വീപിൽ സംസാരിക്കാനിരിക്കവെ ഒരു കാര്യം ശ്രദ്ധയിൽ പെട്ടു എത്ര പറഞ്ഞാലും ഇത്ര വിശാലമായ വിശുദ്ധ ഗംഗാ നദിയെക്കുറിച്ച് സക്കറിയായ്ക്ക് ഏകദേശം ഇത്തരം വാക്കേയുള്ളു “ഈ ആറ്റിലെ വെള്ളത്തിനെ നല്ല തണുപ്പാണ് “ ദിവസങ്ങളോളം ഞങ്ങളവിടെയുണ്ടായിരുന്നു ഒരിക്കൽ‌പ്പോലും ഗംഗയെ ആറ് എന്നല്ലാതെ മറ്റൊരു വാക്കിൽ സക്കറിയ സംബോധന ചെയ്തേയില്ല. അത് അറിയാതെ സംഭവിക്കുന്ന താദാത്മീകരണമാണ് മീനച്ചലാറിനെപ്പോലെ ഒരാറായിട്ടല്ലാതെ സക്കറിയായ്ക്ക്  ഗംഗാ നദി അനുഭവപ്പെട്ടില്ല എന്നത് പോലെ, എവിടെചെന്നാലും വിട്ടുമറഞ്ഞ ഏതോ വിദൂരത്തിൽ/ഇന്നലെകളിൽ കണ്ട മായാത്തചിത്രം എന്ന പോലെ, വർത്തമാനത്തിലെ ഓരോ നിമിഷത്തിലും കണ്ടുമുട്ടുന്ന ഒരാളിൽ ,നാടിൽ ,നദിയിൽ, പർവ്വതത്തിൽ ഒക്കെ ഓർമ്മകളുടെ നെയ്ത്തിരി നമ്മിൽ മുനഞ്ഞു കത്തുന്നുണ്ട്. ഞാനും ഈ യാത്രാനുഭവത്തിൽ കണ്ട പുതിയമണ്ണിനെയല്ല വർണ്ണിക്കുന്നത്.എവിടെയും കാണാവുന്ന താദൃശരൂപങ്ങളെ വിലയിരുത്തുന്നു.ഞാനൊരു വിദേശ രാജ്യത്തേക്കും യാത്ര ചെയ്യുന്നില്ല. പകരം സ്വദേശമല്ലാത്തിടത്ത് സ്വദേശികളെ കണ്ടെത്തുന്നു അല്ലെങ്കിൽ സമാന ജീവിതങ്ങളെ.ഭൂതകാലത്തിൽ കണ്ടുമുട്ടി മറഞ്ഞ സഹജീവിയെ വർത്തമാന കാല യാത്രയിൽ തിരിച്ചറിയുന്നു.

 ഈ കഥയെഴുതുവാനുള്ള മറ്റൊരു മടി  ഈയുള്ളവനെപ്പോലുള്ളവരുടെ കൈലാസയാത്ര, ഒരർത്ഥത്തിൽ നോക്കിയാൽ രാജ്യന്തര നിയമ വ്യവസ്ഥിതിയെ വെല്ലുവിളിക്കൽ ആണെന്നു തോന്നുന്നു. പരിപൂർണ്ണമായും മൂന്ന് രാജ്യങ്ങളിലെ പട്ടാളത്തിനെ  കളിപ്പിച്ച് , രാജ്യം എന്ന സങ്കൽ‌പ്പത്തെ കബളിപ്പിച്ച് , വെറും വഴി പോക്കന്റെ വഴിതെറ്റൽ പോലെ പോയ് തിരിച്ചു വരൽ .അഥവാ പിടിക്കപെട്ടാൽ ജയിലിൽ എന്ന സത്യത്തെ ചെയ്തപുണ്യങ്ങൾ കാത്തോളും എന്ന വിശ്വാസത്താൽ തിരുത്തുന്നവർ .....  അതിനിടയിൽ ഈ കഥ പറയേണ്ടത് ആരോടാണ്. ലോകം മുഴുവൻ എല്ലാ വിധ സൌകര്യങ്ങളോടും യാത്രചെയ്യുന്നവരുടെ ഇടയിലേക്ക്. അവരിൽ പലരും അതി സുന്ദരമായ ചിത്രങ്ങൾ കൊണ്ട് അതിന്റെ ദൃശ്യഭാഷ്യവും, കൊതിയൂറുന്ന വാക്കുകളിൽ അനുഭൂതികളും വരഞ്ഞിട്ട് അത്ഭുതപെടുത്തുമ്പോൾ അതൊക്കെ കണ്ട് വായും പൊളിച്ച് അന്തം വിട്ടിരിക്കുന്ന ഈയുള്ളവന് ഇതൊക്കെ  കുറിക്കാൻ മാത്രം എങ്ങനെ ആത്മധൈര്യം വരും.

എങ്കിലും........... 
മഹാകവിപാടിയപോലെ അശക്തനെങ്കിലും മോഹം നിയന്ത്രിക്കുവാൻ വയ്യാത്തത് കൊണ്ട് മാത്രം എളിയവനായ ഞാനും  സാഗരം കടക്കുവാൻ കുഞ്ഞു തോണിയിലേറി തുഴയുന്നു.
 തിരിഞ്ഞു നോക്കുമ്പോൾ ഈ യാത്രയൊന്നും സാഹസികമല്ല എന്ന്  തിരിച്ചറിയുന്നു. നന്നായ് ആവിശ്യം തോന്നിയത് കൊണ്ട് ചെയ്ത അനിവാര്യമായ ഒന്ന് എന്നേ തോന്നിയിട്ടുള്ളു.  സന്യാസിമാരെയും സാധകരെയും സംബന്ധിച്ച് സാഹസികത ഇതൊന്നുമല്ല ഇതിനായ് വേണ്ട  പണം കണ്ടെത്താൻ വേണ്ടി എത്ര ഭണ്ടാര(അന്നദാനങ്ങൾ )കളിൽ  പങ്കെടുത്ത് കിട്ടുന്ന ഭക്ഷണം തിന്നു തീർക്കണം എന്ന വസ്തുതയായിരിക്കാം (അതൊരുപക്ഷേ ഒരു സാഹസികത ആയിരിക്കാം.) 

  ഉത്തരേന്ത്യയിലെ ശരാശരി സന്യാസിക്കും സാധകനും ഭണ്ഡാരകൾക്ക് കിട്ടുന്ന ദക്ഷിണ സ്വരുകൂട്ടിവേണം  ഇത്തരം ഒരു തീർത്ഥാടനം   നിർവ്വഹിക്കാൻ സാധിക്കു . ഇങ്ങനെ നട്ടവെയിലത്ത് നാടായ നാടൊക്കെ നടന്ന് ഭക്ഷണം കഴിച്ച് കിട്ടുന്ന പണവുമായ് ശരാശരി സാധകരും, അടിസ്ഥാന വർഗ്ഗത്തിൽ പെട്ട സന്യാസിമാരും നടത്തുന്ന തീർത്ഥയാത്രകളും ദേശാടനങ്ങളും  അത്ര മോശമല്ല എന്നാണ് ഇയുള്ളവന്റെ സ്വകാര്യ സങ്കല്പം. എങ്കിലും വായിക്കുന്നവന് ഇത്തിരി ദേക്ഷ്യം തോന്നുമല്ലൊ എന്നു കരുതിയാണ് അതൊന്നും പറയേണ്ട എന്നു വെച്ചത്.  അങ്ങനെയിരിക്കെ നിലവിൽ മലയാളത്തിലെ ഏറ്റവും പ്രശസ്തനായ ഹിമാലയൻ യാത്രികന്റെ അവസാനമിറങ്ങിയ പുസ്തകത്തിൽ  ആദികൈലാസം പോകാൻ സന്യാസിമാരെ അനുവദിക്കുന്നില്ല അതിന്റെ കാരണവും പുസ്തകത്തിൽ അൽ‌പ്പം അൽ‌പ്പരസത്തിൽ എഴുതിയില്ലെ എന്നൊരു സംശയം തോന്നി വെറുപ്പിക്കുന്ന മറ്റു ചിലതും പുതിയ പുസ്തകത്തിലുണ്ട്*. അദ്ദേഹത്തിന്റെ ആദ്യ പുസ്തകത്തിൽ തന്നെ വേണ്ടത്ര പരിജ്ഞാനമില്ലാതെ ഹിമാലയത്തിനെ വേണ്ടുവോളം തെറ്റിദ്ധരിച്ചതിന് സർക്കാർ ഒരവാർഡും കൊടുത്തിരുന്നു അതിൽ നിന്നു അതിൽ നിന്നുള്ള പ്രചോദനത്താൽ വീണ്ടും പുസ്തകങ്ങൾ എഴുതാൻ വേണ്ടി അനുഭവങ്ങൾ തേടി ഇറങ്ങി. ഇത്രയൊക്കെ പോരെ തെണ്ടിതിരിഞ്ഞു നടക്കുന്നവർക്ക് വിശേഷങ്ങൾ കുറിക്കാൻ ഉള്ള അഹമതി എന്നു ഈയുള്ളവനും കരുതി. (*ഇതൊന്നുമല്ല ആ പുസ്തകം വെറുപ്പിച്ചു കളഞ്ഞത് . അദ്ദേഹത്തിനൊപ്പം യാത്രയിലുണ്ടായിരുന്ന കമിതാക്കളെ പിടികൂടിയതും അവരിൽ പുരുഷനെ തിരിച്ചയച്ചതും പെൺകുട്ടിയെ കൂടെ കൂട്ടിയതും ഒക്കെ എഴുതിയിട്ടാമഹാപാപി ആ പെൺ കുട്ടിയുടെ  ചിത്രം  വിശേഷ അടിക്കുറിപ്പോടെ തന്റെ പുസ്തകത്തിൽ കൊടുക്കുകയും ചെയ്തു.പ്രേമിക്കുന്നത് അത്ര മോശമാണെങ്കിൽ വിഭാര്യനെ ആർത്തിപൂർവ്വം പ്രണയിച്ച് അദ്ദേഹത്തെ ലഭിക്കാൻ കൊടും തപസ്സ് ചെയ്ത പാർവ്വതി എന്ന സ്ത്രീയുടെ കഥയെങ്കിലും ഈ മണ്ടന് ആരെങ്കിലും പറഞ്ഞ് കൊടുക്കണമായിരുന്നു.)

ഉത്തരേന്ത്യയിൽ വിശേഷിച്ച്‌ ഹിമാലയ പ്രാന്തങ്ങളിലെ ആശ്രമങ്ങളിൽ ജീവിക്കുന്ന ശരാശരി ആത്മാന്വേഷികളുടെയും സാധകരുടെയും ഭക്തന്മാരുടെയും ഒക്കെ ജീവിതാഭിലാഷമാണ്‌ കൈലാസ-മാനസസരോവരയാത്ര. ആ വഴി തന്നെയാണ് ഈയുള്ളവന്റെ മനസ്സിലും ഈ സ്ഥലങ്ങൾ കുടിയേറി പാർത്തത്‌. 13 വർഷങ്ങൾക്ക്‌ മുൻപ്‌ അത് ഒരു ടീനേജറുടെ ആഗ്രഹം മാത്രം ആയിരുന്നു. പക്ഷെ എങ്ങനെ നടക്കും ഈ കൈലാസയാത്ര?. ഹരിദ്വാറിലെ ആശ്രമജീവികളായ ഞങ്ങൾക്ക്‌ നിത്യച്ചിലവിനുള്ള പണവും മറ്റ്‌ പഠനാവിശ്യത്തിനുള്ള സാധനസാമഗ്രികൾക്കും ഉള്ള ധനശ്രോതസ്സ്‌ ഭണ്ഡാര എന്ന പേരിലറിയപ്പെടുന്ന അന്നദാനമാണ്‌. ഉത്തരേന്ത്യക്കാരായ ആശ്രമ ഭഗത്തുക്കൾ(ഭക്തന്മാർ)നടത്തുന്ന ഭണ്ഡാരയെന്ന വിഭവസംഋദ്ധമായ  ഈ സദ്യയിൽ പങ്കെടുക്കുന്നവർക്ക്‌ 10 രൂപ 50 രൂപ 100 രൂപ എന്നിങ്ങനെ ദക്ഷിണകൾ നടത്തുന്നവന്റെ മടിശീലകനമനുസരിച്ച്‌ വരുന്ന എല്ലാവർക്കും നൽകും .വലിയ വലിയ സന്യാസിമാർക്ക് ആൾക്കനം അനുസരിച്ച് പണം കൂടുതൽ കിട്ടും. ചിലർക്ക് നോട്ടു കെട്ടുകൾ അട്ടിയിട്ടു കാൽക്കൽ വെയ്ക്കുന്നതും ഇതിനിടയിൽ കണ്ടിട്ടുണ്ട്. ഈ ഭണ്ഡാരകൾക്ക് എത്തുന്ന സന്യാസിമാരെ നിലയും വിലയും അനുസരിച്ചാണ് ഇരുത്തുക ഏറ്റവും വലിയ ആൾ എന്നാൽ ആചാര്യമഹാമണ്ഡലേശ്വർ എന്നു പറയും. എന്നുവെച്ചാൽ ഓരോ പ്രത്യേക വിഭാഗത്തിൽ പെട്ട അഖാഡയുടെ സന്യാസിമാരുടെ മുഴുവൻ ആത്മീയവും മറ്റുമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നൽകാനുള്ള അവസാനത്തെ ശ്രേഷ്ഠ സന്യാസിയെയാണ് ആചാര്യമഹാമണ്ഡലേശ്വർ എന്നു വിളിക്കുന്നത്. ഭാരതത്തിൽ ഏകദേശം ചെറുതും വലുതുമായ പതിമൂന്ന് അഖാഡകൾ ഉണ്ട് . ഹരിദ്വാർ ഋഷികേശ്‌ ഭാഗങ്ങളിലെ ഒട്ടു മിക്ക നല്ല ഭണ്ഡാരകൾക്കും ഇവിടങ്ങളിലെ പ്രശസ്തമായ ആശ്രമങ്ങളിൽ ഭണ്ഡാരചീട്ടുകൾ എന്ന പേരിലുള്ള സിനിമാ ടിക്കറ്റിന്റെ വലിപ്പമുള്ള  ടോക്കൺ ലഭിക്കും.  ഓരോ ആശ്രമത്തിനും, ആശ്രമത്തിന്റെ കീർത്തിയും വലിപ്പവും ആൾക്കനവുമനുസരിച്ചു 10ഉം 20ഉം ഒക്കെ ചീട്ടുകൾ(ക്ഷണക്കത്ത്‌) വരെ ഇങ്ങനെ ലഭിക്കും. ഈയുള്ളവൻ ജീവിച്ച സാധനാ സദൻ , സുരത്ഗിരി ബംഗ്ലാവ്‌ (സന്യാസി ആശ്രം) എന്നിവ ഹരിദ്വാറിലെ ഏറ്റവും പ്രസിദ്ധമായ ആശ്രമങ്ങളാകയാൽ അവിടെ മിക്കവാറും ദിനങ്ങളിൽ ഇത്തരം ചീട്ടുകൾ ലഭിക്കുമായിരുന്നു. ഇങ്ങനെ ക്ഷണക്കത്തുകൾ അധികം കിട്ടിയാൽ എന്നെപോലുള്ള വിദ്യാർഥികൾക്ക്‌ ആശ്രമം കൊഠാരി(സെക്രട്ടറി എന്നു കരുതുക)വിളിച്ചു തരും. ക്ഷണം രണ്ടോമൂന്നോ പേർക്ക്‌ ഒക്കെയാണെങ്കിൽ സന്യാസിമാർക്ക്‌ മാത്രമെ കൊടുക്കു. അക്കാലങ്ങളിൽ ഈയുള്ളവനെപ്പോലുള്ള വിദ്യാർത്ഥികളുടെ വയറ്റത്തടിക്കുന്ന ചിലതരം ക്ഷണക്കത്തുകൾ ഉണ്ടായിരുന്നു അതിൽ പ്രത്യേകിച്ച്‌ മുദ്രണം ചെയ്തിട്ടുണ്ടാകും 'കേവൽ ഗേരു വസ്ത്രധാരി' എന്നുവെച്ചാൽ കാഷയവസ്ത്രധാരികൾക്ക്‌ വേണ്ടി മാത്രം.ഇത്തരം ചീട്ടുകളിൽ അധിക ദക്ഷിണലഭിക്കുമെന്നുറപ്പുള്ള ചില ദിക്കുകളിൽ കൂട്ടത്തിലെ സമർത്ഥരയ ചങ്ങാതിമാർ എവിടുന്നെങ്കിലും ചീട്ട്‌ സംഘടിപ്പിച്ച്‌  ഭണ്ഡാര നടത്തുന്നവർക്ക് ഒറ്റനോട്ടത്തിൽസന്യാസിആണ്‌ എന്നു തോന്നുന്നതും എന്നാൽ പരിചയക്കാർക്ക് കണ്ടാൽ സന്യാസിയല്ല നിറം മങ്ങിയ ഒരു കുപ്പായം എന്നമട്ടിലുള്ള കാഷയവും ധരിച്ച്‌ പങ്കെടുക്കുമായിരുന്നു. ഭണ്ഡാരകളിൽ നിന്നും ലഭിക്കുന്ന പണം സ്വരൂക്കൂട്ടിവെച്ചാണ്‌ വിദ്യാർത്ഥികളും സന്യാസി സമൂഹവും  അവരുടെ അനുബന്ധികളും താൽക്കാലിക ചിലവുകളും പുസ്തക ശേഖരണവും യാത്രപോലുള്ള ആഗ്രഹപൂർത്തീകരണങ്ങളും  നടത്തുന്നത്‌.
അങ്ങനെ ഈയുള്ളവനും ഭണ്ഡാരകൾക്ക്‌ പോകുന്ന സമയം കിട്ടുന്ന ദക്ഷിണയെ നോക്കി ഒരു പ്രതിജ്ഞകൂടെ കൂടെ ചെയ്യും നോക്കിക്കോ ഇങ്ങനെ കൂടുതൽ പണം കിട്ടിയാൽ ഞാനും ഈ വർഷം തന്നെ കൈലാസത്തിൽ പോകും.

 അക്കാലത്ത് ഏറ്റവും അധികം ചിലവ്‌ ആയിരം രൂപവരെ മുടക്കിയുള്ള വിസ സംഘടിപ്പിക്കലാണ്‌ ഇത് ലഭിക്കുന്നത് നേപ്പാളിൽ നിന്നുമാണ് എന്നുവച്ചാൽ ഇന്ത്യയിലെ ആശ്രമങ്ങളുമായ് ബന്ധമുള്ള നേപ്പാളിലെ  ഏതെങ്കിലും ആശ്രമങ്ങളിൽ ചെന്ന്‌ അവിടുത്തെ അന്തോവാസിയാണ്‌ എന്ന ലേബലിൽ ജില്ലാഭരണാധികാരിയിൽ നിന്നും ഒരു സർട്ടിഫിക്കറ്റ്‌ തരമാക്കിയെടുക്കും   അത് ചൈനീസ് എംബസിയിൽ കൊടുക്കും അവർ നേപാളിക്ക് ടിബറ്റിലേക്ക് പോകുവാനുള്ള ഇളവുകളോട് കൂടിയ കുറഞ്ഞത് പതിനഞ്ച് ദിവസത്തെ വിസ അടിച്ചു തരും . കുറച്ചു കൂടി ലളിതമായ ഭാഷയിൽ പറഞ്ഞാൽ ഈ വരുന്ന പഹയൻ നേപ്പാളിയാകുന്നു ചങ്ങാതി നിങ്ങളുടെ അധീനതയിലുള്ള കൈലാസം വരെ പോകണം എന്നാഗ്രഹിക്കുന്നു എന്ന ഒരു രേഖ. പറയുന്നത്ര നിസ്സാരമല്ല ചിലപ്പോൾ കുറച്ചധികം  അതിനായ്‌ മിനക്കെടേണ്ടിവരും.  ഒരു ശരാശരി പുരുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സുന്ദരിയും സുശീലയുമായുള്ള ഒരു സ്ത്രീയോടൊപ്പമുള്ള സന്തുഷ്ട കുടുംബ ജീവിതമാകുന്നു അതിനായ് ജീവിത കാലം മുഴുവൻ എത്ര കഷ്ടങ്ങൾ സഹിക്കുന്നുണ്ട് . അതു പോലെ സന്യാസ ജീവിതത്തിലെ മഹത്തായ ഒരേർപ്പാട് തീർത്ഥങ്ങളിലേക്കുള്ള സഞ്ചാരങ്ങളാണ് അതിൽ  സർവ്വ ശ്രേഷ്ഠമായത് കൈലാസമാണ്. നിർധനനും ധന്യനും(വ്യാവഹാരിക ധനം ഇല്ലാത്തവനും ആത്മാവിൽ ധനമുള്ളവനും) ആയ സന്യാസി അല്ലെങ്കിൽ സാധകന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണ് കൈലാസപരിക്രമണം അപ്പോൾ അതിനായ് വേണ്ടിവരുന്ന കഷ്ടപ്പാടുകൾ എന്തുതന്നെയായാലും സഹിക്കാൻ തയ്യാറാകും എന്ന് പ്രത്യേകം പറയണ്ടല്ലോ.  ചിലപ്പോൾ ചൈനീസ്  ഗവണ്മെന്റിനോട് യാത്രാനുമതി ചോദിക്കുന്നത്‌ തന്നെ ഛോട്ടാ കൈലാസം കാണുവാനോ ഓം പർവ്വതം കാണുവാനോ ഒക്കെ ആണ്‌ (ചൈനീസ് പട്ടാളത്തിന്റെ അതിമഹത്തായ ചില പൊട്ടത്തരങ്ങൾ അതിലും മണ്ടന്മാരായ ഇൻഡ്യൻ സന്യാസിമാർ കണ്ടറിഞ്ഞ് വിജയിക്കുന്ന കഥകളും വഴിയെ പറയുന്നുണ്ട്) അത്‌ കൊണ്ടു പോയി എംബസിയിൽ കൊടുക്കുന്നു മിക്കവാറും വിസയടിച്ചു തരുന്നത്‌ ഛോട്ടകൈലാസം കാണാനോ ഓം പർവ്വതം പോകാനോ ഒക്കെയാണ്‌ അത്രയൊക്കെ കിട്ടിയാൽ പിന്നെ കൈലാസത്തിൽ എത്താൻ എന്തു ചെയ്യണം എന്നു സന്യാസിയെ ആരും പഠിപ്പിക്കണ്ട.
ഈ പറഞ്ഞിതിനർത്ഥം സന്യാസിമാരൊക്കെ കുഴപ്പക്കാരാണെന്നല്ല വേറെവഴിയില്ലെന്നുറപ്പായാൽ= നിവർത്തി കെട്ടാൽ നീതിമാനെന്തു ചെയ്യും എന്നോ “നേശേ ബലസ്യേതി ചരേതധർമ്മ“(ബലത്തിനാളെല്ലങ്കിൽ സൌകര്യം പോലെ ധർമ്മമോ അധർമ്മമോ ഒക്കെ പ്രവർത്തിക്കാം എന്ന ഇരുതലമൂർച്ചയുള്ള വാൾ) എന്നൊക്കെയുള്ള നിയമങ്ങൾ മാത്രമല്ലെ നമുക്ക് തുണ. ഇതൊന്നുമറിയാത്ത നല്ല പൂത്തകാശുള്ള ഉശിരൻ സന്യാസിമാരുണ്ട്‌ അവർ ഹെലികോപ്റ്റർ ചാർട്ട് ചെയ്ത് പോവാറുണ്ട്. നമ്മുടെ കേരളത്തിൽ തന്നെ യാത്ര നടത്തി ലക്ഷങ്ങൾ തടയുന്ന ഭക്തിവ്യവസായം നല്ല വളർച്ച പ്രാപിച്ചിട്ടുണ്ട് . ഭക്തരെയും കൂട്ടി യാത്ര നടത്തി ലക്ഷങ്ങൾ സമ്പാദിക്കുന്ന ഉത്തരേന്ത്യൻ സന്യാസിമാരും ഒത്തിരിയുണ്ട്‌. പക്ഷേ കുടിയകളിൽ(കുടിലുകളിൽ)സാധനയനുഷ്ടിച്ചു കഴിയുന്ന പരമ്പതാഗത സന്യാസിമരുടെയും ആശ്രമ അന്തോവാസികളായ സാധരണ സാധകരുടെയും അവസ്ഥയാണ്‌ ഇവിടെ ഞാൻ കുറിക്കുന്നത്‌. അതുകൊണ്ട് തന്നെ ഇത് കേവലം കൈലാസത്തിലേക്ക് മാത്രമുള്ള യാത്രാ വിവരണമല്ല കാശില്ലാത്തവർക്ക് കൈലാസമായ് മാറിയിരിക്കുന്ന മറ്റു ചില സന്തോഷകരമായ യാത്രാനുഭവങ്ങളും ഇഴ ചേർന്നിട്ടുണ്ട്

അനുഭവ സർഗ്ഗം

കൈലാസ യാത്ര കൊതിച്ചു നടക്കുന്നതിനിടയിൽ ഭാരതത്തിന്റെ മിക്ക കോണിലുമുള്ള ഒട്ടുമിക്ക പർവ്വതസാനുക്കളിലേക്കും വിശുദ്ധതീർത്ഥങ്ങളിലേക്കും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ യാത്ര ചെയ്യാൻ സാധിച്ചു.  അതിൽ മനസ്സുടക്കിയിട്ടുള്ള സ്ഥലങ്ങൾ ഒത്തിരിയുണ്ട് . അമർനാഥ്‌ തീർത്ഥയാത്ര കഴിഞ്ഞു നടന്നു പോരും വഴി തമിഴ്‌നാട്കാരായുള്ള സന്യാസിമാരുടെ കാശ്മീരുള്ള ആശ്രമം തേടി നടത്തിയ യാത്ര.  രാത്രി എട്ട്‌ മണിയ്ക്കും വൈകിട്ട്‌ അഞ്ച്‌ മണിപോലെ തോന്നിക്കുന്ന  ഹിമാലയൻ സന്ധ്യായാത്രകൾ, അത്‌ പോലെ തന്നെ തപോവനത്തിൽ ഒരു പൌർണ്ണമി നാളിൽ മഴപെയ്തു മരവിച്ചു നിൽക്കുന്ന രാത്രി, രാവിന്റെ ഏതോ യാമത്തിൽ മേഘങ്ങളെ തള്ളി നീക്കി ആകാശമേലാപ്പിൽ ചന്ദ്രനും നക്ഷത്രക്കുഞ്ഞുങ്ങളും മലകളെ ചന്ദന നിറമണിയിച്ച ദിനം .‘ അന്നപൂർണ്ണ‘ യാത്രയും ദ്രോണാഗിരിയുടെ ചില ദിക്കുകളിലെ ഉദയങ്ങളും ഒക്കെ മനസ്സിന്റെ കോണിലിപ്പോഴും ഓർമ്മയുടെമരം പെയ്തുതീരാതെ നിൽക്കുന്നുണ്ട്‌. ഒട്ടും മറക്കരുതാത്ത അനുഭവം ‘ബോറിബാബ‘ എന്ന ചാക്ക്‌ മാത്രം ഉടുക്കുന്ന  തമിഴ്‌ നാടുകാരനായ വൃദ്ധസന്യാസിയുടെ  കുളുവിലെ  ആപ്പിൾ തോട്ടത്തിൽ കഴിഞ്ഞ ദിനങ്ങളിലെ മനസ്സിന്റെ നിശ്ചലത . ചുറ്റും പ്രശാന്തമായ വെളുപ്പിൽ ഒരു പാറയിടുക്കിലെ ഗുഹയിൽ അമർനാഥിലെ ശിവലിംഗത്തെക്കാൾ വലുതായ ഐസിന്റെ ശിവലിംഗം ഉള്ള മണീകിരണിലെ മൂന്ന് മാസത്തെ ജീവിതവും ഒക്കെ മാനസ്സസരോവരയാത്രയ്ക്കു മുന്നേ ഈയുള്ളവനു സാധിച്ച  പർവ്വതയാത്രകളിൽ ചിലതാണ്‌ ഇപ്പോഴും അത്ഭുതമനുഷ്യരാരെങ്കിലും ഹിമാലയത്തിന്റെ ഏതെങ്കിലും ഭാഗത്ത്‌ താമസ്സിക്കുന്നുണ്ടോ തപസ്സു ചെയ്യുന്നുണ്ടൊ  എന്നു ചോദിച്ചാൽ പുതിയമലയാളത്തിലെ യാത്രാവിവരണ ഗുരുക്കന്മാരിൽ ചിലർ പറയുന്നത്‌ ഉണ്ടെന്നാണ്‌ തീർച്ചയായും ഈയുള്ളവന്‌ അത്തരം  അനുഭവങ്ങളൊന്നും ഇല്ല. ഒരു പക്ഷേ തെങ്ങു കയറുന്ന ഒരാളുടെ ശാരീരിക അദ്ധ്വാനം സ്ഥിരം കാണുന്ന നമുക്ക് പ്രത്യേകിച്ചൊന്നും തോന്നില്ല പക്ഷേ എന്നെങ്കിലുമൊരിക്കൽ ഒരു ചില്ലത്തെങ്ങിന്റെ പകുതി വരെയും കയറേണ്ടിവന്നാൽ എഴുതുന്ന അത്ഭുത വാക്കുകൾക്ക് അറുതിയുണ്ടാവില്ല. അത് പോലെ ആ കാലവസ്ഥയുമായ് പരിചയിച്ച മനുഷ്യർക്ക് സുസാദ്ധ്യമായ പലകാര്യവും നമ്മളിൽ പലർക്കും അസാദ്ധ്യമാണ്. അതുകൊണ്ട് തന്നെ അവരെ അമാനുഷികരായ് ചിത്രീകരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. വെള്ളത്തിൽ ശ്വാസം നിലനിർത്താൻ കഴിയും എന്നവകാശപ്പെടുന്ന  ദിവ്യ ഗുരുക്കന്മാർക്ക് വേമ്പനാട്ടുകായൽ നീന്താൻ പറ്റുമോ എന്ന കാര്യം സംശയമാണ് എന്നാൽ തീരപ്രദേശത്തുള്ള മിക്ക കുട്ടികളും സാധാരണ ചെയ്യുന്ന ഒരു കാര്യവുമാണത് . 

എങ്കിലും എന്നെപ്പോലുള്ള അലസനായൊരാൾക്ക്‌ സുസാദ്ധ്യമല്ലാത്ത  യാത്രകൾ ചെയ്യുന്ന ചില മനുഷ്യരുണ്ട്‌.അവരുടെ കഥയിലൂടെ ചേർന്ന്‌ നമുക്കീ യാത്ര നടത്താം. 
 മിസ്റ്റിക് മനുഷ്യൻമാർക്കൊപ്പം ജീവിച്ചും സഞ്ചരിച്ചും ഉണ്ടായ അനുഭവങ്ങൾ കൊണ്ടാകും മിസ്റ്റിക് എന്നു കേട്ടാൽ മിസ്റ്റേക്ക് എന്ന് കരുതാൻ തുടങ്ങിയ ഒരു കാലഘട്ടത്തിൽ നിന്നാണ് ഇത്തരം ഒരു കുറിപ്പ് വരുന്നത്,മഹായോഗികൾ എന്നു വാഴ്ത്തപെടുന്ന പലരും വെറും ഭോഗികളാണെന്ന് കൊണ്ടറിഞ്ഞ് മാറിനടക്കുന്ന സമയമാണിത്, ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും ഭാഗവത,ഗീത ഗുരുക്കന്മാരെഴുന്നുള്ളി  അനുയായികളുമായ് നടത്തുന്ന ജ്ഞാനയഞ്ജങ്ങളിൽ ഭൂരിഭാഗവും ധനസമ്പാദന യജ്ഞത്തിന്റെ മുഖാവരണം എന്നു കണ്ടറിയുന്നവരാണ് നമ്മളിൽ പലരും, അതിനാൽ തന്നെ ഇടയിൽ പെയ്തൊഴിയുന്ന അഹം ശബ്ദങ്ങൾ പൊറുക്കുക. 


ഈയുള്ളവന്റെയറിവിൽ ഒരിന്ത്യക്കാരനായ സാധകൻ* ഏറ്റവും അധികം കൈലാസയാത്ര നടത്തിയിരിക്കുന്നതു (നടത്തികൊണ്ടിരിക്കുന്നത്‌ എന്നു പറയുന്നതാവും ശരി) ശിവാനന്ദാശ്രമത്തിൽ നിന്നും ദീക്ഷ നേടിയ ഒരുസാധകനാണ്‌ ഞാൻ കാണുമ്പോൾ അദ്ധേഹം 18 പ്രാവിശ്യം യാത്ര ചെയ്തുകഴിഞ്ഞു . അധിക സമയവും ഞങ്ങളുടെ ഭാഷയിൽ 'മുകളിൽ' തന്നെയാണ്‌ ആൾ കഴിയുന്നത്‌ ഋഷികേശിനുമുകളിലോട്ടുള്ള സഞ്ചാരങ്ങളെ സ്വതവെ  മുകളിലോട്ട്‌ പോയിരിക്കുന്നു എന്നാണ്‌ പറയുക. ശിവാനന്ദാശ്രമത്തിലെ ഒരു വിശേഷദിവസം അദ്ദേഹത്തെ കണ്ട്മുട്ടുമ്പോൾ എനിക്ക്‌ തന്നെ വിശ്വസിക്കാൻ പ്രായാസം ഇത്ര സാധുവും ശാന്തനും ആയ ഈ മനുഷ്യൻ ഇങ്ങനെ നിരന്തരം യാത്രകൾ ചെയ്യുമോ. അതും തനിച്ച്‌. ആരോടും അധികം അടുത്ത്‌ ഇടപഴകുന്നില്ല മനസ്സിന്റെ ശാന്തത്ത മുഖത്തും. തന്നിലേക്ക്‌ തന്നെ ഒതുങ്ങിയിരിക്കുന്ന ശരീരഭാഷ . പുറത്തെ ഒന്നിലും കൗതുകം ദർശിക്കാത്ത കണ്ണുകൾ . നിരന്തരസഞ്ചാരി എന്നു വിളിച്ചോതുന്ന സാമഗ്രിയകൾ ഒപ്പം (തെറ്റിദ്ധരിക്കണ്ട സാധരണ യാത്രക്കാർക്ക്‌ വേണ്ട തോൾ ബാഗ്. മറ്റ് യാതൊരു ഉപകരണങ്ങളുമല്ല.)എതു നിമിഷവും പുറപ്പെട്ടുപോയേക്കാം എന്നു തോന്നിക്കുന്ന തരത്തിൽ ആരേയും തന്നിലേക്കാകർഷിക്കാതെ നിൽക്കുന്നു.

            ഇദ്ദേഹത്തിന്റെ ഒരു വിവരണം എഴുതണം എന്ന എന്റെ ആഗ്രഹത്തിനെ അദ്ദേഹത്തിന്റെ സ്വഭാവം തന്നെ തടയിട്ടുകളഞ്ഞു. അത്‌ മുന്നേതന്നെ സുഹൃത്ത് ചൈതന്യ എന്നോട്‌ പറയുകയും ഉണ്ടായിരുന്നു. കക്ഷിയെ ഇത്തരം ഒരു കാര്യത്തിനാണെങ്കിൽ ഒരിക്കലും കിട്ടുകയുണ്ടാകില്ല. എന്നാൽ അതല്ലാതെ  സ്വകാര്യയാത്രസാധകനെന്ന നിലയിൽ യാത്രയ്ക്ക്‌ എന്തൊക്കെ വേണം എന്നു പറഞ്ഞു തരും. അത്‌ എനിക്കും ഉണ്ടായ്‌.

*സാധകൻ എന്ന വിശേഷണം സന്യാസമെടുക്കാതെ വെള്ള വസ്ത്രം മാത്രം ധരിച്ച് ജീവിക്കുന്ന മനുഷ്യരെ സ്വതവെ വിളിക്കുന്നു. ഇവർ ആദ്ധ്യാത്മിക പഠനങ്ങളിൽ ഏർപ്പെടുന്നു എങ്കിലും സന്യാസം സ്വീകരിക്കാൻ ചിലപ്പോൾ എന്തെങ്കിലും കുടുംബ പ്രാരാബ്ധം തടസ്സമായ് നില്പുണ്ടാകും അതിനാൽ തന്നെ ആ പ്രാരാബ്ദത്തെ സ്വീകരിച്ചു കൊണ്ട് തന്നെ ആത്മീയ ജീവിതത്തിൽ മുഴുകുന്ന ആശ്രമജീവികളെ ഇങ്ങനെ പറയാം.

  ഒരു യാത്രാ വിവരണം എന്നനിലയിൽ എഴുതുന്നതിനോട് അനുകൂലമല്ലാതെ ഇത്തരം യാത്ര നടത്തുന്ന പ്രധാനപ്പെട്ട സന്യാസിമാരിൽ ഒരാൾ പോലും അതത്ര വലിയകാര്യമല്ല എന്നമട്ടിൽ തന്നെ ഒഴിഞ്ഞു നിൽക്കുന്നു . എന്തിനധികം പറയുന്നു ബദ്രിനാഥിൽ മഞ്ഞ്‌ കാലത്ത്‌ അമ്പലം അടച്ച ശേഷം  കൊടും തണുപ്പിൽ ആറ്‌ മാസം ഇരിക്കുന്ന 20ഓളം സാധകരെ അമ്പലം അടച്ച് എല്ലാവരും ജോഷിമഠിലേക്ക് ഇറങ്ങുന്ന വേളയിൽ  ഒരിക്കൽ കൂടി നടന്നു കണ്ട് യാത്ര പറഞ്ഞു. പിരിയുമ്പോൾ സുഹൃത്തായിട്ടുകൂടി ദത്തചൈതന്യ ഒരു ഫോട്ടോ എടുക്കുവാൻ സമ്മതിച്ചില്ല.     ജ്ഞാനസ്വരുപ്‌ പറഞ്ഞു ദത്തചൈതന്യഅറിഞ്ഞിരുന്നു ഞാൻ ആ വർഷം ആറ്‌ മഞ്ഞിലിരിക്കുന്നവരെക്കുറിച്ച്‌ ഒരു ലേഖനം എഴുതുന്നുണ്ട്‌ എന്ന്‌. അതു കൊണ്ട് മാത്രമാണ് ഫോട്ടോ എടുക്കാൻ സമ്മതിക്കാതിരുന്നത്.  ഒടുവിൽ മാതൃക കാണിക്കാൻ എന്ന നിലയിൽ ഒരു ഐഡന്റിറ്റികാർഡിന്റെ ഫോട്ടോ എടുത്ത്‌ പിരിഞ്ഞു. ഒരു ലേഖനം എഴുതാനായ് കൊണ്ട്‌ തന്നെ ഓരോരുത്തരുടെയും കൈലാസയാത്രാനുഭവം ചോദിച്ച്‌ ചെല്ലുമ്പോൾ ചെറുചിരിയോടെ ഒഴിഞ്ഞുമാറി ഒന്നും ഓർമ്മയില്ല അല്ലെങ്കിൽ  അടുത്തുള്ള മറ്റേ ബാബയോട്‌ ചോദിക്കു ആൾ കൃത്യമായ്‌ പറഞ്ഞു തരും എന്നൊക്കെയാണ് പലരുടെയുംനിലപാട്‌. അതും നമ്മളുമായ് സുഖ ദുഖങ്ങളിൽ പരിചയമുണ്ടായിട്ടു കൂടി ഇതാണ്‌ സ്ഥിതി. ഇതിൽ പലതരം വിഷമതകളുണ്ട്‌.ഇൻഡ്യക്കാരൻ എന്ന നിലയിൽ അല്ല പോകുന്നത്. നേപാൾ സർക്കാറിന്റെ കനിവിലാണ്. ഒരാൾക്ക്‌ പോലും യഥാർത്ഥരേഖകളൊന്നും കൈവശമില്ലായിരിക്കും.ഇൻഡ്യൻ പൌരൻ എന്ന നിലയിൽ നോക്കിയാൽ യാത്ര പൂർണ്ണമായും വേലിചാടി(അനധികൃതം) ആയിരിക്കും. അതൊക്കെ പറഞ്ഞു പുലിവാലുപിടിക്കണ്ട വല്ല ആവിശ്യവും ഉണ്ടോ എന്ന ലളിതമായ നിലപാടാണ്‌ പലർക്കും. ഇനി ഈ വേലി ചാട്ടത്തിന്റെ ഗൌരവം തിരിച്ചറിയണമെങ്കിൽ യഥാർത്ഥ സംഭവത്തെ മുൻ നിർത്തി ഒരു സിനിമയുണ്ട്. ‘രാം ചന്ദ് പാക്കിസ്ഥാനി‘ എന്ന ചിത്രത്തിൽ ഏറെക്കുറെ സത്യസന്ധമായ് ഓരോ രാജ്യവും രേഖകളില്ല്ലാത്ത അന്യരാജ്യക്കാരനോട് എങ്ങനെ പെരുമാറും എന്നു അയത്ന ലളിതമായ് ചിത്രീകരിച്ചിരിക്കുന്നുണ്ട്.സത്യത്തിൽ ആ ചിത്രം കണ്ടു കഴിഞ്ഞ് ഈയുള്ളവനും  ചിന്തിച്ചിരുന്നു ബംഗ്ലാദേശിലെയൊ ചൈനയുടെയോ മ്യാന്മറിന്റെയൊ അല്ലെങ്കിൽ പാക്കിസ്ഥാന്റെയൊ ഒക്കെ ജയിലുകളിൽ ഞാനുൾപ്പെടെ എത്ര സുഹൃത്തുക്കൾ കഴിഞ്ഞെനെ. ആരെയും ദ്രോഹിക്കാനോ മറ്റൊരു രാജ്യത്തിൽ കള്ള കച്ചവടങ്ങൾ ചെയ്യാനോ ഒന്നുമല്ല. പകരം പണ്ട് അതിർത്തികളില്ലാതിരുന്ന ദിക്കുകളിൽ അതിർത്തികൾ വരച്ചപ്പോൾ അതിനകത്തകപെട്ടു പോയ വിശ്വാസമന്ദിരങ്ങൾ ഉണ്ട്. അനാഥമായ ആ ദിക്കുകളിലേക്ക് വെറുതെ ഒരു ദേശാടനം . വെറും വെറുതെ. പലപ്പോഴും അവരിൽ പലർക്കും അവരുടെ പൂർവ്വസൂരികൾ ആസ്ഥലത്തെ വർണ്ണിച്ച കഥകളെ മാത്രമെ  വിശ്വസിക്കുന്നുള്ളു.രാജ്യം വരച്ച അതിർത്തികളെ വിശ്വസിക്കുന്നില്ല. അതിലേക്കെത്തിച്ചേരാൻ ഒരിക്കലും നിയമത്തിന്റെ വഴി തേടില്ല.തേടിയാൽ വിസയ്ക്കും പാസ്പോർട്ടിനും ഉള്ള കൂറയൊപ്പിക്കാൻ അവരെക്കൊണ്ടാവില്ല. നിയമം വഴിയല്ല ദേശാടകൻ തന്റെ  ജിവിതം തിരഞ്ഞെടുക്കുന്നത് അതു കൊണ്ട് തന്നെ വരുന്നത് വരുന്നവഴി കാണാം എന്ന തോന്നലാണ് പലർക്കുമുള്ളത്. ഹരിദ്വാറിൽ വെച്ച് അടുത്തുണ്ടായിരുന്ന മൂന്നാലു  വർഷത്തോളം ഞാൻ ആദരിക്കുന്ന ഒരു സന്യാസിയായ ജ്യോതിഷാനന്ദ്യ്ക്ക് കിഴക്കൻ പാക്കിസ്ഥാനിലെ നാരായണാശ്രമത്തിൽ നിന്നും കത്തുകൾ വരുമ്പോൾ  ഒത്തിരി  കൌതുകം കൊണ്ടിരുന്നു.  ഇടയ്ക്ക് പലപ്രാവിശ്യവും ജ്യോതിഷാനന്ദ പോയ് വന്നിട്ടും എനിക്ക് സാധിച്ചില്ല. പാസ്പോർട്ടും വിസയും ഒന്നും വേണ്ട എന്റെ കോളേജിലെ ഐഡന്റിറ്റി കാർഡ് മാത്രം മതി ഇനി അതില്ലെങ്കിലും വിരോധമില്ല ഗുരു മഹാരാജിന്റെ ഒരു കത്തുമതി എന്നും പറഞ്ഞിരുന്നു. ആ സ്ഥലം മറ്റൊരു രാജ്യമാകുന്നതിനു മുൻപേ അവിടെയുണ്ടായിരുന്ന വിശ്വാസ മന്ദിരങ്ങളുടെ ചരിത്ര കഥകൾ കേട്ടു. അവിടെ പോകുവാൻ വേണ്ട ലളിതമായ് വഴികൾ മനസ്സിലാക്കി. ഒരിക്കൽ സമീപപ്രദേശത്തു പോകാൻ അവസരം കിട്ടിയപ്പോൽ ആ വഴി പഴയ മണ്ണിലേക്കും ഞാനും പോയ് .വിസയോ യാതൊരു വിധ രേഖകളോ ഇല്ലാതെ തന്നെ അയൽപക്കത്തുള്ള ഭൂരിഭാഗം രാജ്യങ്ങളിലും എനിക്കും പോകുവാൻ സാധിച്ചു അത് രാജ്യം കാണാനോ ബിസിനസ്സ് ചെയ്യുവാനോ പോയതല്ല മലകളിൽ നിന്ന് മലകളിലേക്കും മന്ദിരങ്ങളിൽ നിന്ന് മന്ദിരങ്ങളിലേക്കുള്ള യാത്രയിൽ സംഭവിച്ചതാണ് അതിൽ നിയമ വിരുദ്ധത പലർക്കും കണ്ടെത്താം.ശക്തിപീഠങ്ങൾ എന്ന പേരിൽ പ്രശസ്തമായ കാമാഖ്യാ തുടങ്ങിയ അൻപത്തി മൂന്ന് ക്ഷേത്രങ്ങൾ ഭാരത വർഷത്തിൽ ഉണ്ട്.ശക്തി ആരാധകരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളാണിത്.ബാക്കിയുള്ളവയിൽ പലതും ഭാരതത്തിലല്ലാതെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും നേപാളിലും അഫ്ഗാനിസ്ഥാനിലും ആയി ചിതറിക്കിടക്കുന്നു.ഇതിലൊരണ്ണം കേരളത്തിൽ മലബാറിൽ ഉണ്ട്. അത് മനസ്സിലായത് കാശിയിലെ യൂണീവേഴ്സിറ്റിയിൽ ഗ്രന്ഥസഞ്ചയത്തിൽ നിന്നുമാണ്.പക്ഷേ അതേതെന്നു.തിരിച്ചറിയുന്നില്ല എന്ന് ആ പുസ്തകത്തിൽ തന്നെ രേഖപെടുത്തിയിട്ടുമുണ്ട്.ഏറിയപങ്കും ശക്തിപിഠങ്ങൾ സന്ദർശിച്ചു എങ്കിലും എന്റെ ആഗ്രഹം ഇതൊക്കെ പറ്റിയാൽ ഒന്നു കണ്ടു വരണം എന്നതാണ്.അഫ്ഗാനിസ്ഥാൻ മാത്രം ഇപ്പോഴും ഒരു കീറാമുട്ടിയാണ്. നടക്കണമെങ്കിൽ ദേശാടകനാവണം.ദേശാടകനും പ്രാന്തനും ഒക്കെ ഏതുരാജ്യത്തെയും നിയമത്തെക്കാൾ സ്വയം നിലനിർത്തുന്ന ചില നിയമങ്ങളാവും ശ്രദ്ധിക്കുക.


വിശേഷ  നേരമ്പോക്ക് യാത്ര മൊഴികളും, യാത്രാലക്ഷണങ്ങളും കണ്ടാണ് ഞാൻ മാനസസരോവര പരിക്രമണത്തിന് ഇറങ്ങി തിരിച്ചത് . യാത്ര മൊഴി ഡൽഹിയിലെ കേരളാ ക്ലബിൽ നിന്നും കൈലാസ യാത്രയെ പറ്റി പറഞ്ഞു പിരിയുമ്പോൾ കവിയും പത്രപ്രവർത്തകനുമായ ജയദേവിന്റെ വക ഒരാഗ്രഹം ആയിരുന്നു. അതിങ്ങനെ അവതരിപ്പിച്ചു “ഒരു ഫോട്ടോ തന്നിട്ടു പോണെ എന്തായാലും ചൈനക്കാരന്റെ ജയിലിലേക്കാണല്ലൊ പോക്ക് വല്ലപ്പോഴും കാണണം എന്നു തോന്നുമ്പോൾ എടുത്ത് നോക്കാമല്ലൊ“
മറ്റൊന്ന് അന്നത്തെ കേരളഹൌസ് പ്രോട്ടോക്കോൾ ഓഫീസറുടെ ഭാര്യ വക  ചോദ്യം അല്ല സംവിദാനന്ദെന്തിനാ കൈലാസത്തിലേക്ക് പോകുന്നേ ഇതിലെക്കെയെന്താ അർത്ഥം?. ഉത്തരം ജോസഫ് ഇടമറുകു വകയായിരുന്നു അതിപ്രകാരം നൽകി
  “ സംവിദാനന്ദ് നിങ്ങളുദ്ദേശിക്കുന്ന തരം യാത്രയല്ല പോകുന്നത് ആ സ്ഥലമൊക്കെ അതീവ സുന്ദരമായ ഭൂപ്രകൃതിയാണുള്ളത് അതൊക്കെ കാണാൻ പോകുന്നതാണ് “ 
പിന്നെ തമാശയായ് ഇങ്ങനെയും കൂട്ടി ചേർത്തു
”ഇനി അതല്ല പോണവഴിക്കെങ്ങാനും ശിവനും പാർവ്വതിയുമുണ്ടെങ്കിൽ വിളിച്ചുകൊണ്ടുവന്നാൽ നമുക്ക് കേരളക്ലബ്ബിലൊരു ചർച്ച നടത്താമല്ലൊ” 
 ഇത്രയും പറഞ്ഞ് ശേഷം എന്റെ യാത്രാ വിവരണങ്ങൾ എഴുതി സൂക്ഷിക്കാൻ വലിയൊരു ഡയറി സമ്മാനിക്കാം എന്ന ഇടമറുകിന്റെ ആഗ്രഹത്തെ തെല്ലു ഭയത്തോടു തന്നെ ഞാൻ നിരുത്സാഹപ്പെടുത്തി. സ്നേഹം കാരണം ഇടമറുക് തന്നു വിട്ടാൽ ഞാൻ കുഴയും. എന്റെ ചുമട്ടുകാരനും കൂലിക്കാരനും ഷേർപ്പയും യാക്കും കഴുതയും  ഒക്കെ ഞാൻ തന്നെയായിരിക്കും ഏകദേശം ഇരുപത് കിലോ ഭാരമുണ്ട് ഭക്ഷണവും പാ‍ർപ്പിടവും ഒക്കെ കൂടി ചുമക്കാൻ . ദേഹസ്ഥിതിക്ക് ഇത്ര ദൂരം ഇത്ര ഭാരം ചുമക്കുന്നത് തന്നെ സാഹസമാണ്. പിന്നെ കാൽ നടയാത്രയിൽ എഴുത്തൊന്നും നടക്കില്ല അല്ലെങ്കിൽ തന്നെ യാത്രാ വിവരണം എഴുതാനല്ലല്ലൊ  പോകുന്നത്. ജീവിതാഭിലാഷം എന്ന നിലയിൽ സ്വീകരിച്ച ഒരാഗ്രഹം അതിനെ സ്വന്തം അനുഭൂതി എന്ന തരത്തിൽ ഉൾകൊണ്ടാൽ മതി എന്നതാണ് എന്റെ വിശ്വാസം.അങ്ങനെ ആ സുദിനത്തിൽ  താമസിച്ചിരുന്ന ദിക്കിൽ നിന്നും സുവർണ്ണാമ്മയോട് യാത്രപറഞ്ഞിറങ്ങവെ  കുറുകെ ചാടിയ കറുത്ത പൂച്ച നല്ല ലക്ഷണമായി തന്നെ ഞാൻ കരുതി സന്തോഷത്തോടെ യാത്രയാരംഭിച്ചു

രാത്രി പതിനൊന്ന് മണിക്ക് ശേഷമുള്ള  ഹരിദ്വാർ ബസ്സിൽ കയറിപറ്റണം എന്ന ഉദ്ദേശത്തോടു കൂടി  അവസാന മെട്രോ ട്രെയിനിലാവാം പുറപ്പെടാൻ എന്നു കരുതി സ്റ്റേഷനിൽ പത്ത് മണി വരെ കാത്ത് നിന്നു . ഐ എസ് ബീ ടിയിൽ നിന്നും രാത്രി പതിനൊന്ന് മണിക്കുള്ള ഏതെങ്കിലും ബസ്സിൽ കയറിയാൽ പുലർച്ചെ നാലുമണിക്ക് ഹരിദ്വാറിലെത്താം അയ്യപ്പക്ഷേത്രത്തിൽ ചെന്ന് കുളിച്ച് റെഡിയായ് നേരെ ബസ്റ്റാൻഡിൽ എത്തിയാൽ അഞ്ചുമണിയുടെ ആദ്യ ബസ്സിനു തന്നെ ബദ്രിനാഥിലേക്കു യാത്ര തുടങ്ങാം വൈകുന്നേരം ആറരമണിയോടെ ബദ്രി നാഥിലെത്തും അവിടെയാണ് സഹയാത്രികനായ ജ്ഞാന സ്വരൂപും മറ്റുള്ളവരും ഉള്ളത് .

ഹ്രസ്വ വഴി വിവരം. ചിലവു ക അടക്കം.
കേരളത്തിൽ നിന്നും ഡൽഹിയിലേക്ക് ദിവസവും രണ്ട് പ്രധാന ട്രെയിനുകൾ ഉണ്ട്.മംഗളയും കേരള എക്സ്പ്രസ്സും തിരുവനന്തപുരത്തു നിന്നും 598 രൂപ.ഇത് കൂടാതെ ആഴ്ചയിൽ ഒരിക്കൽ തിരുവനന്തപുരത്തു നിന്ന് നേരിട്ട് ഡറാഡൂൺ എക്സ്പ്രസ് ഉണ്ട്.ഡറാഡൂൺ വരെയ്ക്കും 640 രൂപ.ഇതിനു കയറിയാൽ നേരിട്ട് വേഗത്തിൽ ഹരിദ്വാറിൽ എത്താം.അതല്ല ഡൽഹി കാണുവാനും ആഗ്രഹം ഉണ്ടെങ്കിൽ ഡൽഹിയിൽ താമസിക്കുവാൻ കേരള ഹൌസിന്റെ ഡോർമിറ്ററിയിൽ 75 രൂപ മതി.അത് ലഭ്യമാകാൻ തിരുവനന്തപുരത്ത് നിന്ന് സെക്രട്ടറിയേറ്റ് വഴി അറിയിപ്പ് വേണം എന്നാണ്. എങ്കിലും കേരളാ ഹൌസിൽ വന്ന് ഡോർമിറ്ററിയിൽ താമസസൌകര്യം ഉണ്ടോ എന്ന് ശ്രമിച്ച് നോക്കാവുന്നതാണ്. ഉറപ്പുള്ളത് ബിർളമന്ദിർ,വാൽമികീ മന്ദിർ എന്നിവിടങ്ങളിൽ ആണ് . നൂറ് രൂപയ്ക്ക് വലിയ മുറി ലഭിക്കും. ഡോർമിറ്ററിയിൽ നാൽ‌പ്പത് രൂപ.പുറമേ ഹോട്ടലുകളിലോ ലോഡ്ജുകളിലോ ഒക്കെ നല്ല പണച്ചിലവുണ്ട്. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്ക് 208 കിലോമീറ്റർ ബസ് ചാർജ്ജ്. സാധാരണ ബസ്സുകൾക്ക് 128 രൂപമുതൽ തുടങ്ങും രാത്രി എട്ടുമണിമുതൽ സെമി സ്ലീപ്പർ സ്ലീപർ ബസ്സുകളുണ്ട് 280 രൂപ മുതൽ .  നാല് പേരുണ്ടെങ്കിൽ കാറിനു പോകാം. ഇൻഡിക കാർ 1600 രൂപ മുതൽ.ഹരിദ്വാറിൽ അയ്യപ്പക്ഷേത്രത്തിൽ താമസിക്കാം ബസ് സ്റ്റാൻഡിൽ നിന്നും നടക്കാവുന്ന ദൂരത്തിൽ ആണ്. അവിടെ മുറി ഇല്ലെങ്കിൽ തൊട്ടെതിരെ കൃഷ്ണ ഹോട്ടലിൽ മുറി ഒന്നിനു 80 രൂപ മുതൽ ലഭ്യമാണ്.(നിരവധി ആശ്രമങ്ങളിൽ സൌജന്യ താമസം തരപ്പെടും. മലയാളികളുടെ ജന്മ ഗുണമായ മദ്യപാനം ഈ സ്ഥലങ്ങളിൽ നടപ്പാക്കിയതു മൂലം ഇവർക്ക് ഇത് സംഘടിപ്പിച്ചു കൊടുത്ത നമുക്ക് നിരവധി തവണ അപമാനം ഏൽക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.)
ബദ്രിനാഥിലേക്ക്ക് 598 കിലോമീറ്റർ പതിനേഴര പതിനെട്ട് മണിക്കൂർ യാത്രാ സമയം.ബദ്രിനാഥിലേക്കുള്ള ആദ്യ  ബസ്സിൽ തന്നെ പുറപ്പെടണം അത് വെളുപ്പിനെ അഞ്ച് മണിക്കാണ്.വൈകിട്ട് ആറരമണിക്ക് മുൻപെത്തും.ഉച്ചഭക്ഷണത്തിനായ് ഈ ബസ്സ്  താമസിച്ചെ നിർത്താൻ തരമുള്ളു അതു കൊണ്ട് ബിസ്കറ്റ് പോലെ എന്തെങ്കിലും കരുതുന്നത് നന്നാണ്.ബദ്രിനാഥിൽ താമസിക്കാൻ 100 രൂപമുതൽ മുറി ലഭ്യമാണ്. മലയാളി സാന്നിദ്ധ്യം വേണമെങ്കിൽ ശ്രീശങ്കര അദ്വൈത ഫൌണ്ടെഷൻ ഉണ്ട്.ബസ്സിന് തലേ ദിവസം വൈകിട്ട് ചെന്ന്  ബുക്ക് ചെയ്താൽ മുന്നിൽ തന്നെ സീറ്റ് കിട്ടും സീസൺ അനുസരിച്ച് വിലയിൽ ചില്ലറ മാറ്റങ്ങൾ വരും ഹരിദ്വാർ ബസ് സ്റ്റാൻഡിനരികിലുള്ള ഗഡ് വാൾ മണ്ഡൽ അസോസിയേഷന്റെ ഓഫീസിൽ നിന്നും നേരിട്ട് ബുക്ക് ചെയ്താൽ 275 രൂപ മതി.ചില്ലറ കൂടുമെങ്കിലും ഇതെല്ലാം നിവർത്തിച്ചു തരാൻ നമ്മുടെ പണിക്കർ ബാബു വക നിരവധി ട്രിപ്പുകൾ ഉണ്ട്.പണിക്കേഴ്സ് ട്രാവത്സ് ഭാരതത്തിലെ വലിയ അംഗീകൃത യാത്ര സംരംഭങ്ങളിൽ ഒന്നാണ്.ഓഫ് ബീറ്റ് =സീസണിൽ എല്ലാത്തിനും തീവിലയ്ക്ക് തരപ്പെടും.

പരിഭ്രമ കാണ്ഡം

ബദ്രിനാഥിലേക്കുള്ള മലഞ്ചരിവുകളെ ചുറ്റി വാഹനം കുതിച്ചു കൊണ്ടിരിക്കുമ്പോഴും ആർത്തിക്കാരനായ എന്റെ കണ്ണുകൾ വിശ്രമമില്ലാതെ ചുറ്റും പരതികൊണ്ടിരിക്കും . എന്റെ കണ്ണിന്റെ ഒരു കുഴപ്പം ആയിരം വട്ടം സഞ്ചരിച്ച സ്വന്തം നാട്ടിലേക്കുള്ള ബസ്സിൽ പോലും എനിക്ക് ചുറ്റും നോക്കി കാണാതിരിക്കാൻ പറ്റില്ല എന്നതാണ്. ബസ്സിൽ ഉറങ്ങാൻ കണ്ണുകൾ സമ്മതിക്കാറില്ല. എത്ര പ്രാവിശ്യം തിരിച്ചറിയാമെങ്കിലും എന്റെ കണ്ണിൽ പെടാത്ത ഒരു വീടോ മരമോ പശുതൊഴുത്തോ ചെറിയ തോടോ ഒരമ്പലമോ ഓത്തു പള്ളിയോ അങ്ങനെ എന്തെങ്കിലുമൊന്ന് മറഞ്ഞിരിപ്പുണ്ടാവും അതാണ് ഞാൻ തിരയുന്നത് എന്ന് മനസ്സ് സ്വയം സമാശ്വസിപ്പിക്കും .ഒരു പക്ഷേ നമ്മുടെ നാട്ടിൽ ഏതു ഋതു വന്നാലും അത്രയധികം ഭാവവ്യത്യാസങ്ങൾ കാണാൻ സാധിക്കില്ല ഒരു പച്ചപ്പ്, അൽ‌പ്പം ഉണക്കൽ എന്നിങ്ങനെയല്ലാതെ നാടിനു അധികം ഭാവ വ്യത്യാസങ്ങളില്ല  . പക്ഷേ ഹിമാലയം അങ്ങനെയല്ല. എത്ര തവണ സഞ്ചരിക്കുന്നവഴിയാണ് ബദ്രിനാഥിലേക്ക് . ആറുമാസം, മേയ് മുതൽ നവംബർ വരെയാണ് ബദ്രിനാഥ് ക്ഷേത്രം സന്ദർശകർക്കായ് തുറന്നിരിക്കുന്നത് നവംബറിൽ നടയടച്ച ആ പ്രദേശുത്തുള്ള സകല ജനങ്ങളും അവരുടെ വളർത്ത് മൃഗങ്ങളും ഒക്കെ താഴെക്ക് പോരും. പിന്നെ ബദ്രിനാരായണനെ മഞ്ഞിന്റെയും നാരദന്റെയും വക പൂജയായിരിക്കും.  ചിലവർഷങ്ങളിൽ മാസത്തിൽ ഒരു പ്രാവിശ്യം എന്ന നിലയിൽ ഞാൻ  ആറ് പ്രാവിശ്യം വരെ പോകും ചിലപ്പോൾ അവിടെ തന്നെ തങ്ങും എന്തായാലും എത്ര പ്രാവിശ്യം ഈ വഴി പോയാലും പുതിയതെന്തെങ്കിലും കാണാം ആദ്യമാസങ്ങളിൽ നമ്മളെ ബദ്രിനാഥിലേക്ക് എതിരേൽക്കുന്നത് വയലറ്റ് പൂക്കളൂള്ള തണൽ മരങ്ങളാണ് അത് രണ്ട് മാസത്തോളം നിലനിൽക്കും ജോഷീമഠ് മുതൽ രുദ്രപ്രയാഗ് വരെ എല്ലായിടത്തും വയലറ്റ് പുതച്ച ഇലകാണാ വാകമരങ്ങൾ പുത്തുചാഞ്ചാടി നിൽ‌പ്പുണ്ടാവും. ചുറ്റും അതിന് പൂക്കളം വരയ്കാനുള്ള നിരപ്പുള്ള സ്ഥലങ്ങൾ ഇല്ലാത്തതു കൊണ്ട് എല്ലായിടത്തും കാണില്ല എങ്കിലും ചില ദിക്കുകളിൽ മരച്ചുവട്ടിൽ വയലറ്റ് കാർപെറ്റ് വിരിച്ചിരിക്കുന്നത് അത്ഭുതം കൺ കുളിർക്കെ കണ്ട് നിൽക്കാം. ഇങ്ങനെ ഓരോ ഈ രണ്ട് മാസം കൂടുമ്പോഴും ഇവിടുത്തെ പ്രകൃതി മാറികൊണ്ടിരിക്കും അതിനാൽ തന്നെ ഒരിക്കലും ഒറ്റയാത്രയിലോ അനുഭവത്തിലോ എഴുതുന്ന ഏതു യാത്രാനുഭവവും ഒരിക്കലും പൂർണ്ണമല്ല എന്ന് സ്വയം അറിയാവുന്നത് കൊണ്ട് എന്റെ കൈലാസയാത്രാവിവരണത്തിൽ പരമാവധി അത്തരം സംഭവങ്ങളെ നിയന്ത്രിക്കുന്നുണ്ട് . കാരണം കൈലാസത്തിലെ ചില ദിക്കുകളിൽ ഇവിടെയൊക്കെ നല്ല വേഗത്തിൽ സഞ്ചരിക്കാം എന്നു ഞാനെഴുതിവെച്ച് പിന്നാലെ രണ്ട് മാസം കഴിഞ്ഞ് നിങ്ങൾ വന്നാൽ അവിടെ മുഴുവൻ മഞ്ഞ് പെയ്തു യാത്ര നടത്താൻ സാധിക്കാതെ വരും എന്നും അറിഞ്ഞിരിക്കണം .

 ഈയടുത്തവർഷങ്ങളിൽ അവസാന മാസങ്ങളിൽ, ഒക്ടോബറിൽ പ്രത്യേകിച്ച് ഹിമാലയം കയറുമ്പോൾ മലയാളത്തിലെ ഒരു കവിതയുടെ വരികൾ ദാർശനിക സമസ്യകളോടെ എന്നെ കീഴടക്കാറുണ്ട്. കവി വീരാൻ കുട്ടിയുടെ,
 
“ മരക്കൂട്ടത്തിനിടയിൽ ഇലയുണങ്ങിനിൽക്കും മരമേ, 
പൂത്തതാണെന്നു കരുതി നിന്നെയൊരാൾ ..“

പൂമരങ്ങൾ എന്ന വ്യാജേന ഇല പഴുത്ത മരങ്ങളെ നെഞ്ചേറ്റുന്നത് ഈ സമയങ്ങളിൽ കാണുന്ന മനോഹരദൃശ്യം മൂലം ആണ്. ദൂരെ മലഞ്ചെരുവകളിൽ വിവിധവർണ്ണങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അഭൌമ സൌന്ദര്യത്തെ  നമ്മൾ നെഞ്ചേറ്റി വരയ്ക്കുകയും പാടുകയും കവിത കുറിക്കുകയും ചെയ്തിരുന്നു. ഈ ഹിമാലയൻ പൂങ്കാട്, സത്യത്തിൽ തണുപ്പ് വരുന്നതിനു മുന്നേ ശിശിരത്തിൽ നിന്നും രക്ഷയ്ക്കായ് മരം തന്റെ ഇലകളെ പൊഴിക്കാനൊരുങ്ങുന്ന ഒക്ടോബർ നവംബർ മാസങ്ങളാണ്.
ആ കവിത പങ്കു വെയ്ക്കുന്ന മാനവും ഒരു പക്ഷേ ഇതു തന്നെയാവും. ഒരു മരം സ്വയരക്ഷയ്ക്കായ്  ശിശിരത്തിനെ വരവേൽക്കാൻ ഇലകളുടെ വസ്ത്രമുരിയാൻ  പഴുത്തിലകളാൽ മൂടവെ പൂങ്കാവനം എന്നു തെറ്റിദ്ധരിക്കുന്ന പോലെ തന്നെ നമ്മുടെ സമൂഹത്തിലും എഴുത്തിലും ഒക്കെ ഇലയുണങ്ങിനിൽക്കും മരങ്ങളെ പൂത്തതാണെന്നും കരുതി നാം നെഞ്ചേറ്റാറുണ്ട്.പക്ഷേ കുറച്ച് കഴിയുമ്പോൾ ആ പൂങ്കാവനം “ശിശിരത്തിലെ നഗ്നവൃക്ഷം പോലെ“...വിറകൊള്ളുന്നത് നാം കാണുന്നില്ലല്ലോ.

 വൈകുന്നേരം തന്നെ ബദ്രിനാഥിലെത്തി അടുത്ത ദിവസം മുതൽ കൂടെ പോരുവാൻ ഉള്ള ആൾക്കാരെ അന്വേഷിച്ചു സന്യാസിമാരുടെ ഓരോ കുടിലുകളിലും കയറാൻ തുടങ്ങി. അന്വേഷിക്കുന്നവർ ഒക്കെ ഭിക്ഷയ്ക്കു പോയിരിക്കുന്നു എന്നറിഞ്ഞു. കുടിയകൾ എന്നത് ബദ്രിനാഥിനെ സംബന്ധിച്ചിടത്തോളം സാധകരായ സന്യാസിമാർക്കും ബ്രഹ്മചാരികൾക്കും താമസിക്കുവാൻ ആയി കാലികമ്പിൾ വാല ആശ്രമം പണികഴിപ്പിച്ചിട്ടിരിക്കുന്നതാണ്. ഈ കുടിയകളിൽ താമസിക്കുവാൻ ബദ്രിനാഥിലെ സന്യാസി സമൂഹം അംഗീകരിച്ച സാധുക്കൾക്ക് സാധിക്കും. കുടിയകളിൽ താമസിക്കുന്നവർ ചെയ്യേണ്ട ഒരേ ഒരു ഉത്തരവാദിത്തം എല്ലാദിവസവും രാവിലെ പത്ത് മണിക്ക് ആശ്രമത്തിൽ  ഭിക്ഷ(ഭക്ഷണം)കൊടുക്കും അത് കൃത്യമായ് വാങ്ങി കഴിച്ചിരിക്കണം. ഇല്ലെങ്കിൽ ഒരു കമണ്ഡലുവിൽ (ഇപ്പോഴിപ്പോൾ തൂക്കു പാത്രത്തിനെ  കമണ്ഡലു എന്നു വിളിക്കും)വാങ്ങി കുടിയയിൽ കൊണ്ട് വന്ന് കഴിക്കും. ചിലർ അത് തന്നെ പകുത്ത് രണ്ട് നേരത്തേക്കും ഉള്ളതാക്കി മാറ്റും. അങ്ങനെ ഭിക്ഷയുടെ സമയത്താണ് എന്റെ അന്വേഷണം തുടങ്ങിയത് എന്നത് കൊണ്ട് കുടിയകളിൽ ആരും ഇല്ല എന്നറിഞ്ഞ് നേരെ കാലികമ്പിളിയിലേക്ക് തിരിച്ചു. അവിടെ നിന്നും ഭിക്ഷകഴിഞ്ഞു ഒരോരുത്തരായ് മടങ്ങുന്നുണ്ടായിരുന്നു.സർവ്വേശ്വരാനന്ദയെ കണ്ടു.ഞങ്ങളുടെ ഈ കാൽ നടയാത്രയിൽ സ്വാമി സർവ്വേശ്വരാനന്ദ  വഴികാട്ടിയായ് വരും എന്ന് ജ്ഞാനസ്വരൂപ് ഉറപ്പ് നൽകിയിരുന്നത്  .  അദ്ദേഹം മുന്നേതന്നെ കൈലാസത്തിലേക്ക് പോയി വന്നയാളാണ്. അസാധാരണ വേഗത്തിൽ നടക്കും ഒപ്പമെത്താൻ കൂടെയുള്ളവർ ബുദ്ധിമുട്ടും എന്നൊക്കെ സ്വതവേ അദ്ദേഹത്തിന്റെ പരിചയക്കാർ പറയുന്നത് കാര്യം തന്നെയാണ് .അദ്ദേഹത്തെ കണ്ടുകിട്ടി ജ്ഞാനസ്വരുപ് മുചുകുന്ദ ഗുഹയിലേക്ക് പോയിരിക്കുന്നു എന്നറിഞ്ഞു

മുകുന്ദനെന്നു കല്പിച്ചു
 മുകുന്ദനെന്നു കല്പിച്ചു
ചവിട്ടി മുചുകുന്ദനെ
യവനൻ ഭുവനം തന്നിൽ ഭസ്മമായ്....

മുചുകുന്ദ ഗുഹ വ്യാസൻ ഭാഗവത രചനയിൽ ഏർപെട്ടതെന്ന് വിശ്വസിക്കുന്ന ഗുഹയുടെ മുകളിലാണ്.
വ്യാസഗുഹയ്ക്ക് മുകളിൽ തിബറ്റിലേക്ക് പോകുന്ന റോഡുണ്ട് അതിന്റെ മുകൾഭാഗത്ത് നിന്നും മുചുകുന്ദ ഗുഹയിലേക്കുള്ള വഴികാണാം. തനിച്ച് ആദ്യം പോകുമ്പോൾ ചിലപ്പോൾ വഴിതെറ്റാനുള്ള സാദ്ധ്യതയുണ്ട്. ഗ്രാമീണരാരെങ്കിലും കൂടെ വരും (അവർക്കെന്തിങ്കിലും കൊടുത്താൽ.)ഒരു ഗുഹാമുഖത്തിനകത്ത് രണ്ട് ഗുഹകളാണുള്ളത് പുരാണത്തിലെ പ്രശസ്തമായ ചില  കഥാഭാഗങ്ങൾ ആണ് ഈ മൂന്ന് കിലോമീറ്റർ നീളത്തിൽ അരങ്ങേറിയിരിക്കുന്നത് അതിലേറ്റവും ശ്രദ്ധേയം ഉദ്ധവനോട് കൃഷ്ണൻ പറയുന്ന ഭാഗമാണ് എന്നെ ഇനി കാണണമെങ്കിൽ “അളകനന്ദാം സരസ്വത്യാം തീരെ പശ്ചിമേ തടേ“ എന്നു പറയുന്നു അളകനന്ദയുടെ പടിഞ്ഞാറെകരയിൽ നാരായണപർവ്വതത്തിൽ പഞ്ചശിലകൾക്ക് ചാരെ തപ്തകുണ്ഡിന്റെ സാമീപ്യവും ഉള്ള ബദ്രീവനത്തിൽ(ഇപ്പോഴത് ബദ്രീനാഥ് മന്ദിരം) വരിക എന്ന ഭാഗം മൂന്ന കിലോമീറ്റർ മാറി മനാ ഗ്രാമത്തിൽ  വ്യാസൻ ഭാഗവതം എഴുതുവാൻ എത്തിയ വ്യാസ ഗുഹ അതിനു താഴെ എഴുത്തുകാരനായ ഗണപതിയിരുന്ന ഗണേശ ഗുഹ.ഗണേശ ഗുഹയുടെ നിശബ്ദതയിൽ എഴുത്തുകാരന്റെ വ്യസനങ്ങൾ ഓർമ്മവരും. ആർത്തലച്ചെത്തുന്ന സരസ്വതീനദിയുടെ ശബ്ദം തനിക്ക് ശല്ല്യമാകുന്നെന്നു ഗണപതി പറഞ്ഞപ്പോൾ വ്യാസന്റെ വാക്കിനാൽ സരസ്വതീനദി നിശബ്ദയായ് ഒഴുകിയത് മൂലം അവിടെ നദിയുടെ ശബ്ദം നമുക്ക് കേൾക്കാൻ സാധിക്കില്ല. അതിന്റെ അരികിൽ തന്നെയാണ് സ്വർഗാരോഹണത്തിനിറങ്ങിതിരിച്ച പാണ്ഡവരുടെ യാത്രയ്ക്ക് സരസ്വതീനദി തടസ്സം നിന്നപ്പോൾ ഒരു ഭീമാകാരമായ പാറ നദിക്കു കുറുകെയിട്ട് ഭീമൻനിർമ്മിച്ച പാലം. ഭീം പൂൾ. അവിടന്നും അല്പം നടന്നപ്പോഴാണ് പാഞ്ചാലി വീണത്. അങ്ങനെ കുറഞ്ഞ ദൂരത്തിൽ ഒരു പുരാണത്തിലെ സാരവത്തായ ഭാഗങ്ങൾ അരങ്ങേറിയതെന്നു വിശ്വസിക്കുന്ന ഒരു ദിക്കിൽ തന്നെയാണ് മുചുകുന്ദ ഗുഹയും
കൃഷ്ണനെ യുദ്ധത്തിൽ പരാജയപ്പെടുത്തിയ ഗർവ്വ് കാണിക്കാൻ ഓടിക്കുകയായിരുന്നു രാജവ് കൃഷ്ണനു എതിരാളിയുടെ അന്തകൻ ഉറങ്ങുന്ന ഗുഹയറിയാം ഭയന്നോടുകയാണ് കൃഷ്ണൻ പിന്നാലെ നും ഒടുവിൽ ഒരു മലയിൽ നിന്നും അടുത്ത മല ഒരു പർവ്വതത്തിൽ നിന്നും അടുത്തത് അങ്ങനെ ഒടുവിൽ ഒരു പർവ്വതത്തിൽ വെച്ച് കൃഷ്ണനെ കാണുന്നില്ല. ഒടുവിൽ കണ്ടെത്തി ഒരു ഗുഹയ്ക്കകത്ത് സ്വന്തം ഉത്തരീയം പുതച്ച് ഒളിച്ച് കിടക്കുന്നു. കൊടുത്തു ചവിട്ടൊന്ന് ചവിട്ടുകൊണ്ടതും ഗുഹയുടെ അകത്ത് തന്നെ മറ്റൊരു ദിക്കിൽ ഒളിച്ചിരുന്ന കൃഷ്ണൻ ആശ്വാസം പൂണ്ടു കാരണം മുചുകുന്ദൻ എന്ന മഹർഷി ദേവാസുരയുദ്ധത്തിൽ ദേവന്മാരെ സഹായിച്ചിട്ട് ക്ഷീണിതനായ് വന്നു കിടന്നതാണ്. ക്ഷീണം തീരുവോളം ഉറങ്ങാനും അതിനിടയിൽ ആര് ഉറക്കത്തിനു ഭംഗമുണ്ടാക്കിയാലും അയാളെ നോക്കുന്ന മാത്രയിൽ ഭസ്മമാകുവാനും ഉള്ള അനുഗ്രഹം ദേവലോകത്തുനിന്നും നൽകിയിരുന്നു.അങ്ങനെ ഉറങ്ങികിടന്ന മുചുകുന്ദന്റെ പുറത്ത് തന്റെ ഉത്തരീയം പുതപ്പിച്ചിട്ടാണ് കൃഷ്ണൻ ഒളിച്ചു നിന്നത് . ഊഹിച്ചത് തന്നെ സംഭവിച്ചു ക്ഷണത്തിൽ തന്നെ യവന രാജവ് ഭസ്മമായ് . ഇതാണ് മുചുകുന്ദ ഗുഹയുടെകഥ ഇവിടെ ഇൻഡ്യൻ ആർമിവക ഒരു ബോർഡും സ്ഥാപിച്ചിട്ടുണ്ട്.


ജ്ഞാനസ്വരൂപിനൊപ്പം എത്തിക്കഴിഞ്ഞശേഷം സർവ്വേശ്വരാനന്ദയെ കണ്ടു അപ്പോഴാണ് 
യാത്രപോകുന്നതിന് ആദ്യത്തെ ഗൌരവമായ തടസ്സവിവരം അറിയുന്നത്. നേപ്പാളിൽ മാവോയിസ്റ്റുകൾ സമാന്തര ഭരണം നടത്തുകയാണ് കാൽനട യാത്രകളൊന്നും തന്നെ അനുവദിക്കുന്നില്ല. സംഭവങ്ങളെ കുറച്ചു കൂടി പൊടിപ്പും തെങ്ങലും ചേർത്താണ് സർവ്വേശ്വരാനന്ദ അവതരിപ്പിക്കുന്നത്.  പറഞ്ഞു വരുന്നതിനിടയിൽ സർവ്വേശ്വരാനന്ദയ്ക്ക് ഞങ്ങൾക്കൊപ്പം യാത്രവരുന്നതിന് ബുദ്ധിമുട്ടുണ്ടെന്നു  മനസ്സിലായി. പകരം അദ്ദേഹം ഒരു നിർദ്ദേശം വെച്ചു ഇപ്രാവിശ്യം കൈലാസ യാത്ര പോവുകയും മാവോയിസ്റ്റുകൾ മൂന്നു ദിവസം ബന്ദിയാക്കി വെയ്ക്കുകയും ചെയ്ത ദയനന്ദസ്വാമി തിരിച്ചെത്തിയിട്ടുണ്ട് അദ്ദേഹത്തോട് വിവരങ്ങൾ അന്വേഷിക്കുക അതെനിക്കും സ്വീകാര്യമായി കുറഞ്ഞ പക്ഷം ഒരു ബന്ദിയോട് നേരിട്ട് പിടിക്കപ്പെട്ടാൽ എന്താ രക്ഷാമാർഗ്ഗം എന്നെങ്കിലും അറിഞ്ഞിരിക്കാമല്ലൊ . ഇതിനിടയിൽ എന്തു സംഭവിച്ചാലും ഞാനും കൂടെ ഉണ്ട് എന്ന നിലപാടിൽ ഒരാൾ ഞങ്ങൾക്കൊപ്പം ഉണ്ട് അത് മൂകാംബിക മാതാജി എന്ന പേരിൽ ജ്ഞാനസ്വരൂപ് പരിചയപ്പെടുത്തിതന്ന ഒരു സന്യാസിനിയമ്മയാണ് സ്ഥിര താമസം മൂകാംബികയിൽ. ഒരാശ്രമം ഉണ്ട്
ഈയുള്ളവനാണെങ്കിൽ
കൂടെ സഞ്ചരിക്കുന്നവരെകുറിച്ച് ചില ആഗ്രഹങ്ങൾ തോന്നാറുണ്ട് മറ്റൊന്നുമല്ല ഒത്തിരി ദിവസങ്ങൾ നീളുന്ന യാത്രകളിൽ പെട്ടെന്ന് ദേഷ്യം വരുന്നവരെയോ സങ്കടക്കാരെയോ ഒന്നും കൂടെ കൂട്ടുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ല വിശേഷിച്ച് ഭക്ഷണം ഉൾപ്പെടെ എല്ലാ കാര്യങ്ങളും ദൈവം സഹായിച്ചാൽ മാത്രം നടക്കു എന്ന സ്ഥിതിയിൽ ഈയമ്മയ്ക്ക് അൻപതിനു മേലെ പ്രായമുണ്ടെങ്കിലും നല്ല മനോബലമുള്ളസ്ത്രീയാണ് കുടജാദ്രിയിലെ ചിത്രമൂലഗുഹയിൽ    മൂന്ന് മാസം തനിച്ച് കഴിഞ്ഞിരിക്കുന്നു എങ്കിലും എനിക്ക് അൽ‌പ്പം ബുദ്ധിമുട്ട് തോന്നുകയും ഞാനത് ജ്ഞാനസ്വരൂപിനോട് സൂചിപ്പിക്കുകയും ചെയ്തു എങ്കിലും ‘ചങ്ങാതി ഒരു രസികൻ കഥാ പാത്ര‘മാണെന്നും മറ്റ് ബുദ്ധിമുട്ടുകൾ ഒന്നുമുണ്ടാകില്ലെന്നും ജ്ഞാനസ്വരൂപ് ഉറപ്പ് തന്നു. കൂടെ മാതാജിയെ പരിചയപ്പെടുത്തി ഒരു കഥ പറഞ്ഞു തന്നു അതെന്റെ മനസ്സിൽ ഇടയ്ക്ക് ചിരിക്കാനുള്ള സ്കോപ്പൊരുക്കി തന്നു. ആ കഥ എന്തെന്നാൽ മൂകാംബികയിലെ മാതാജിയുടെ ആശ്രമത്തിൽ  മാതാജിയും മാതാജിയുടെ പൂർവ്വശ്രമത്തിലെ ഭർത്താവും ഒന്നിച്ചാണ് കഴിയുന്നത് രണ്ട് പേരും സന്യാസം സ്വീകരിച്ചു അദ്ദേഹത്തിന് ഹോമിയോ ചികിത്സ ഒക്കെ വശമുണ്ട് . അങ്ങനെയിരിക്കെ ഒരു ദിവസം സ്വാമിജിക്ക് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച്  ഗാനഗന്ധർവ്വൻ യേശുദാസിനെ തിരക്കൊന്നുമില്ലാത്ത അവസ്ഥയിൽ കണ്ടു കിട്ടി   സ്വാമിജി സ്വന്തം ആശ്രമം കാണിക്കുവാൻ അദ്ദേഹത്തെയും ക്ഷണിച്ച് കൂട്ടികൊണ്ട് വന്നു. ഒരാശ്രമത്തിൽ എത്തിയതിന്റെ മര്യാദയെന്ന നിലയിൽ യേശുദാസ് അവരുടെ ആശ്രമത്തിൽ ഇരുന്ന് ഒരു കീർത്തനം ആലപിച്ചു
പുറത്തെവിടെയോ ആയിരുന്ന മാതാജി ഈ സമയം അവിടെ എത്തിചേർന്നു സാമാന്യം നല്ല തരത്തിൽ പാടുന്ന ആളാരാണെന്ന് സ്വമിജിയോട് മാതാജി പിന്നിൽ നിന്ന് തിരക്കി യേശുദാസിനെ തിരിച്ചറിയാതിരുന്ന മാതാജി എന്നോട് അതിനെ ഇപ്രകാരം ആണ് വർണ്ണിച്ചത് “ അല്ല എനിക്കെവിടെയോ കണ്ട് നല്ല പരിചയമുണ്ട് പക്ഷേ ആളെ അത്ര മനസ്സിലായില്ല“. ഈ കഥയോട് കൂടി എനിക്ക് മാതാജിയുടെ ജനറൽ നോളജിൽ വിശ്വാസം വന്നു പൂർണ്ണമായും സന്യാസ യോഗ്യത. ബാഹ്യ ലോകത്തെക്കുറിച്ച് ഇത്രയൊക്കെ ധാരണ മതി എന്ന ജിവിതശൈലി രണ്ടും കൊള്ളാം .
അങ്ങനെ യാത്രയ്ക്കുറച്ച ഞങ്ങൾ മൂന്ന് പേരും കൂടി ദയാനന്ദ സ്വാമിയുടെ കുടിയയിലെത്തി അദ്ദേഹത്തിന്റെ ശരീരം നേപ്പാളിന്റെതാണ് (ഇതൊരു സന്യാസീ ഭാഷയാണ് . സന്യാസിമാർ തമ്മിൽ കാണുമ്പോൾ താങ്കൾ എവിടുത്തുകാരനാണെന്ന് ചോദിക്കില്ല.ആത്മാവ് സർവ്വ വ്യാപിയായിരിക്കെ എവിടുത്തുകാരൻ അല്ല എന്നു തിരിച്ചു ചോദിക്കാമല്ലൊ. അഥവ ചോദിക്കണമെങ്കിൽ പകരം “ആപ്കാ ശരീർ കഹാംകാ ഹൈ“? എന്നാണ് ചോദിക്കുക അതായത് അങ്ങയുടെ ദേഹം എവിടെയാണ് ജന്മം കൊണ്ടതെന്ന സുന്ദരൻ ചോദ്യം .)ദയാനന്ദ്ജീ യാത്രയുടെ ക്ഷീണം അകലാത്ത മുഖവുമായ് ഞങ്ങളെ വരവേറ്റു ചെന്നപാടെ മാനസ സരസ്സിലെ തീർത്ഥം ഞങ്ങൾക്ക് പ്രസാദമായ് തന്നു പിന്നെ കുറച്ച് നിവേദ്യാശംങ്ങളും . പ്രസാദവും ഗ്രഹിച്ച് യാത്രാനുഭവത്തെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് നിഴലിച്ച ഭയത്തോടു കൂടി സംഭവങ്ങൾ വിവരിച്ചു .”എന്റഭിപ്രായത്തിൽ നിങ്ങൾ ഇപ്പോൾ പോകണമെന്നില്ല മാവോ വാദികൾ വല്ലാത്ത അക്രമണം ആണ് അഴിച്ചു വിട്ടിരിക്കുന്നത്.  നേപാൾഗഞ്ചിൽ വെച്ചുതന്നെ അനുമതി കിട്ടാൻ കുറച്ചു ബുദ്ധിമുട്ടി അധികാരികൾതന്നെ  മടക്കി അയക്കാൻ ശ്രമിച്ചിരുന്നു  അവിടെനിന്നും ഒരു വിധം വിസയൊക്കെ സംഘടിപ്പിച്ചു സിമികോട്ടിൽ എത്തി അവിടെ നിന്നും അതിർത്തിക്കരികിലെ അവസാന പട്ടാള പോസ്റ്റിലെത്തി അതൊരു കെണിയായിരുന്നെന്നു മിനിറ്റുകൾക്കകം തിരിച്ചറിഞ്ഞു.. അതിർത്തിയിൽ നേപ്പാൾ പട്ടാളം അല്ല കാവൽ അദ്ദേഹത്തിനറിയുകയുമില്ലായിരുന്നു. മാവോ സൈനികർ  പിടികൂടി.  രക്ഷപെടാൻ പറ്റാവുന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു നോക്കി പര്യങ്ങിൽ എന്റെ ബന്ധുവുണ്ട് അവരെ കാണാൻ ആണ് പോകുന്നത് എന്ന് പറഞ്ഞു അപ്പോൾ എന്റെ തൊഴിൽ സ്ഥലം ഒക്കെ ചോദിച്ചു സന്യാസിയാണെന്നറിഞ്ഞതോടെ  “പെണ്ണു കെട്ടി മര്യാദയ്ക്കു താമസിച്ചു കൂടെ“ എന്നിങ്ങനെ പരമ സാത്വികനായ അദ്ദേഹത്തിനെ മാനസികമായ് ഒത്തിരി അപമാനിച്ചു.ഞാൻ പല ആവർത്തി ചോദിച്ചു മർദ്ദിച്ചുവോ എന്ന്.  കാരണംനമ്മൾ എന്തായാലും ആവഴി പോകുന്നതല്ലെ അടിയുടെയൊക്കെ ഒരു ഗ്രേഡ് തിരിച്ചറിയാമല്ലൊ എന്നു കരുതിയാണ്` എന്റെ അന്വേഷണം. മർദ്ദനം കാര്യമായി കിട്ടിയില്ല മാനസിക പീഡനം വല്ലാതെ കിട്ടി തോക്കു കൈയിൽ കൊടുത്ത് തങ്ങളോടൊപ്പം ജീവിച്ചു കൊള്ളുവാൻ ഒക്കെ പ്രേരിപ്പിച്ചു നേപ്പാളീ പാസ്പോർട്ട് കാണിച്ചു കുറച്ചു നേരത്തെക്കു അപ്പുറത്തു പോയ് വരാം എന്നു ചോദിച്ചപ്പോൾ പാസ്പോർട്ട് വലിച്ചു ദൂരെയെറിഞ്ഞു .  നിന്റെ സർക്കാരിനെ തന്നെ ഞങ്ങൾ വിശ്വസിക്കുന്നില്ല പിന്നല്ലെ പാസ്പോർട്ട് കത്തിച്ചുകളയു എന്നൊക്കെയായ് മറുപടി. പിന്നെ കൈവശം ഉണ്ടായിരുന്ന ഭക്ഷണ സാമഗ്രികൾ കുറേശേയായ് അവർക്ക് കൊടുത്തു.അവരെടുത്തു എന്നു പറയുന്നതാണ് സത്യം. അണ്ടിപ്പരിപ്പും ബിസ്കറ്റും പിന്നെ സൂക്ഷിച്ചു വെച്ച പണത്തിൽ യാത്രാവിശ്യത്തിനൊഴികെ ബാക്കിയുള്ളത് പലർക്കായ് പങ്കു വെച്ചു. അതു കൊണ്ട് അധികം പീഡനമുണ്ടായില്ല. ഒടുവിൽ മൂന്നാം ദിവസം രാത്രി കൂട്ടത്തിൽ ഏറ്റവും അധികം സാധനം കൈപറ്റിയ ഒരു ചെറുനേതാവ് ഒരിക്കൽ കൂടിയൊക്കെ ചോദ്യം ചെയ്തു പര്യങ്ങിലേക്ക് കടത്തിവിട്ടു. അങ്ങനെ മൂന്ന് ദിവസം നീണ്ട യാതനകൾക്കൊടുവിൽ രാത്രി തന്നെ തിബറ്റൻ അതിർത്തിയിലെ ഗ്രാമത്തിൽ തങ്ങി  പുലർച്ചെ മാനസ സരോവറിലേക്ക് യാത്ര തിരിച്ചു. അങ്ങനെ പൊള്ളുന്ന ഓർമ്മകളൂം വഹിച്ചാണ് ദയാനന്ദ്ജി തിരികെ കുടിയയിലെത്തിച്ചേർന്നത്. ബദ്രിനാഥിലെത്തിയിട്ട് കുറച്ചധികം വർഷമായി സ്വാമിജി ബദ്രിനാഥിനെ തന്റെ വാസസ്ഥാനമായ് തിരഞ്ഞെടുത്തു . അദ്ദേഹം തന്റെ യാത്ര കിറ്റിലെ സ്ലീപ്പിങ്ങ് ബാഗ് മൂകാംബികാമാതാജിക്ക് നൽകി. ഇത്രയൊക്കെ വിവരങ്ങൾ കിട്ടിയപാടെ മൂകാംബികാ മാതാജിവക ആദ്യ ഉപദേശം വന്നു അപ്പൊ നമുക്കും അവിടെ വരെ ചെല്ലാം. നേപ്പാൾ അതിർത്തിവരെ മാവോ പിടിച്ചാലും മൂന്ന് ദിവസം കഴിയുമ്പോൾ കടത്തിവിടുമല്ലൊ ? വളരെ നിഷ്കളങ്കമായ ആ കണ്ടെത്തൽ തലകുലുക്കി സമ്മതിച്ചു കൊടുത്തു. നമ്മളായിട്ടെന്തിന്` ആ അമ്മയുടെ മനസ്സു വേദനിപ്പിക്കണം.


തണുപ്പ് അറിയുന്നവൻ തണുപ്പിനെയും



സംഭവം ഇത്രയൊക്കെ അറിഞ്ഞുകഴിഞ്ഞപ്പോൾ രണ്ടുദിവസം കഴിഞ്ഞ് യാത്ര പുറപ്പെട്ടാൽ പോരെ എന്നൊരു സംശയം ജ്ഞാനസ്വരുപിനില്ലാതില്ല. എന്തായാലും മറ്റൊരു കാര്യം കൂടി അറിഞ്ഞു വരാം എന്നു കരുതി ഞാൻ മുരളീദാസ് ജിയെ തേടിയിറങ്ങി രണ്ട് പ്രാവിശ്യം കൈലാസത്തിലേക്ക് നടന്ന് പോയ് വന്ന സാധകനാണ്  ആന്ധ്രപ്രദേശിലാണ് ശരീരം ജന്മം കൊണ്ടത് . ഒരു പക്ഷേ നമ്മുടെ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ വർഷം തുടർച്ചയായ് ബദ്രിനാഥ് ക്ഷേത്രം അടച്ച ശേഷമുള്ള കൊടും മഞ്ഞിൽ അവിടെ ജീവിച്ചയാളാണ്. പന്ത്രണ്ട് വർഷം ബദ്രിനാഥിലെ മഞ്ഞിൽ     സാധനയനുഷ്ടിക്കുവാനുള്ള ഭാഗ്യം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.  ഭാഗ്യം എന്നു വെച്ചാൽ മഹാഭാഗ്യം തന്നെയാണ് കാരണം ചൈനായുദ്ധത്തിന് ശേഷം ബദ്രിനാഥിൽ അമ്പലം അടച്ചശേഷം ആരെയും ഇരിക്കാൻ അനുവദിക്കാറില്ല . ഏറ്റവും പ്രധാനം ക്ഷേത്രത്തിന്റെ സുരക്ഷ. ഒപ്പം അതിർത്തി പ്രദേശം എന്ന നിലയിലും ആരെയും താമസിക്കാൻ അനുവദിക്കില്ല. കേവലം പട്ടാളക്കാർ മാത്രമായിരിക്കും അവിടെയുണ്ടാവുക. ബദ്രിനാഥിലെ ഏക ഗ്രാമം ആയ ഭാഗവതത്തിൽ ഒക്കെ വർണ്ണിക്കുന്ന മണിഭദ്രികാഗ്രാമം എന്ന ഇപ്പോഴത്തെ മനാ ഗ്രാമത്തിലെ മനുഷ്യരെ ഒക്കെ സമ്മതിക്കണം. സകല സാധന സാമഗ്രികളുമായ് ആറ്മാസക്കാലം താഴെ ഇറങ്ങി ജീവിക്കേണ്ടിവരിക അതിനു ശേഷം ആറ് മാസം മാനയിൽ ആടുമാടുകളെയും സാധനസാമഗ്രികളുമായ് ആറാറുമാസം കൂടുമ്പോൾ ഉള്ള ഈ നടപ്പ്. ഇതെത്രയൊ വർഷമായ് തുടരുന്നതാണ്. മനാ ഗ്രാമക്കാരെന്ന ഈ ഭാരതത്തിലെ അവസാനഗ്രാമീണരെപറ്റി പറഞ്ഞു കേട്ടിരിക്കുന്നത് അവർ സത്യത്തിൽ ഭാരതീയരല്ല എന്നതാണ്. തിബറ്റുകാരാണ്.ആദ്യ ചൈനയുദ്ധത്തിന്റെ സമയത്ത് സഞ്ചാരികളുടെ ഒരു കൂട്ടം അവിടെ കുടുങ്ങി പോയ് യുദ്ധം കാരണം തിബറ്റിലേക്ക് കടക്കാൻ വയ്യതെ തങ്ങിയവർ എന്ന് അവരിൽ ചിലർ ഇപ്പോഴും അവകാശപ്പെടുന്നത് ഞാനും കേട്ടിട്ടുണ്ട്.  തിബറ്റിലേക്ക് ചൈനായുദ്ധത്തിനു മുന്നേ ബദ്രീനാഥിൽ നിന്നും കൈലാസമുൾപ്പടെ  യാത്രനടത്താൻ എളുപ്പവഴിയുണ്ടായിരുന്നു. വ്യാപാരികളും ഈ വഴി ഉപയോഗിച്ചിരുന്നു. അങ്ങനെ വ്യാപാരത്തിനു വന്ന ഒരു കൂട്ടർ യുദ്ധത്തിന് നടുവിൽ പെട്ടു അവർക്ക് തിബറ്റിലേക്ക് പോകുവാനും പറ്റിയില്ല ഭാരതത്തിലേക്കു കടക്കാ‍നും അനുമതി കിട്ടിയില്ല. അവർ അവിടെ തന്നെ (മനാ ഗ്രാമത്തിൽ തന്നെ ജീവിച്ചു ) തങ്ങി.തിബറ്റിലേക്കുള്ള ഈ വഴി ഇപ്പോഴും ഉണ്ട്. പക്ഷെ സൈനികർക്കൊഴികെ ആർക്കും പ്രവേശനമില്ലാത്തവിധം അടച്ചു കളഞ്ഞു. സുരക്ഷാകാരണങ്ങളെ മുൻ നിർത്തി ഈ വഴി ഇൻഡ്യൻ ഭാഗത്തുള്ള  അതിർത്തിവരെ നാല്പത് കിലോമീറ്റർ ദൂരം സഞ്ചാരത്തിന് സമ്മതിക്കില്ല. എങ്കിലും ഈ വഴിയുള്ള ചില യാത്രകളെയും പറയാൻ പറ്റും എന്നു തോന്നുന്നു. ഈ കാരണം കൊണ്ട് തന്നെ ബദ്രിനാഥ് അമ്പലം അടച്ചു കഴിഞ്ഞാൽ അവിടെ തങ്ങുവാൻ ഗവണ്മെന്റിന്റെ സ്പെഷ്യൽ പെർമിഷൻ വേണം. അതിന് അനുമതി നൽകുന്നത് ജില്ലാ മജിസ്ട്രേറ്റോ കളക്ടറോ ഒക്കെ ആണ്.  അനുമതി കിട്ടുക അത്ര സുസാദ്ധ്യമായ കാര്യമല്ല. ഇനി അനുവദിച്ച് കിട്ടിയാലും ആറ് മാസം താമസിക്കുവാൻ വേണ്ട മുഴുവൻ സാധനസാമഗ്രികളും വിറക് എണ്ണ ഗോതമ്പ് മാവ് എന്നിങ്ങനെ ഭക്ഷണത്തിനുള്ള ലളിതമായ സാധനങ്ങൾ ഒക്കെ മുൻ കൂട്ടി കരുതിവെയ്ക്കണം. കഴിക്കുന്ന ഭക്ഷണവും ഏറ്റവുംകുറഞ്ഞ അളവിലായിരിക്കും. മൂന്ന് ദിവസത്തിൽ ഒരിക്കൽ പട്ടാളക്കാർ വന്ന് നോക്കും. ചിലപ്പോൾ അപൂർവ്വമായി ഇങ്ങനെ ഇരുന്ന പ്രായമായവർ സമാധിയായിട്ടുണ്ട്. ശാരീരികാവസ്ഥ അറിയുക അതാണ് ഈ പെട്രോളിങ്ങിന്റെ ഒരു കാര്യം. കാരണം പട്ടാളക്കാർക്ക് ഈ കൊടും തണുപ്പിൽ കഴിയുവാനുള്ള എല്ലാത്തരം റേഷനും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഷിഫ്റ്റാണ് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ഹെലികോപ്റ്ററിൽ ഇടയിൽ പോയിവരാം. പക്ഷേ ഇതൊന്നുമില്ലാത്ത  സാധകന്റെ മനോ നിലയും ശാരീ‍രിക നിലയും വളരെ ഉയർന്നനിലയിലായിരിക്കണം. അസുഖം എന്തെങ്കിലും വന്നാൽ പരസഹായം കിട്ടും എന്ന് കരുതണ്ട.  കറണ്ടില്ല വെള്ളമില്ല എന്നു തുടങ്ങി ചിലപ്പോൾ താമസിക്കുന്ന കെട്ടിടത്തെകവിഞ്ഞ് പന്ത്രണ്ടടിവരെ ഐസു വീണിട്ടുണ്ടാകും മാത്രമല്ല  വലിയ ദുരന്തങ്ങൾ വരെ അരങ്ങേറിയിട്ടുണ്ട്. ബദ്രിനാഥ് സ്ഥിതി ചെയ്യുന്നത് നാരായണ പർവ്വതത്തിൽ ആണ്. അതിനെതിരെ കാണുന്ന പർവ്വതമാണ് നരപർവ്വതം. ഒരു മഞ്ഞുകാലത്ത് നരപർവ്വതത്തിൽ നിന്ന് അതിഭീമാകാരനായ മഞ്ഞു മല ഇടിഞ്ഞു  താഴെയെത്തി  മുഴുവനും മഞ്ഞു മൂടിയതിനാൽ അതേ വേഗതത്തിൽ  എതിരെയുള്ള നാരായണ പർവ്വതത്തിന്റെ   കുറച്ചു മുകളിൽ വരെ കയരി തിരികെ വീണ്ടും താഴെ രണ്ടു പർവ്വതത്തിന്റെയും നടുവിലേക്ക് വരും വഴി ബദ്രീനാഥിന്റെ രക്ഷയ്ക്ക് നിൽക്കുന്ന പട്ടാളക്കാരുടെ താമസസ്ഥലം ഉൾപ്പെടുന്ന ആർമി കെട്ടിടത്തിന്റെ മുകൾ വഴി ആ കൂറ്റൻ മഞ്ഞുമല നിരങ്ങി പോയി കെട്ടിടം തകർന്ന് അതിലുണ്ടായിരുന്ന പട്ടാളക്കാർ കൊല്ലപ്പെട്ടു . ആ കെട്ടിടങ്ങളൊക്കെയും തകർന്ന പടി ഇപ്പോഴും അവിടെയുണ്ട് . ഇത്തരം നിറയെ അപകട സാധ്യതയുള്ള സ്ഥലത്താണ് ആറുമാസക്കാലം വീതം തനിച്ച് തന്റെ സാധനയുമനുഷ്ടിച്ച് പന്ത്രണ്ട് വർഷം കഴിയാൻ ഭാഗ്യം ലഭിച്ചു എന്നു പറഞ്ഞാൽ അതൊരു അസുലഭ ഭാഗ്യം തന്നെയാകുന്നു അങ്ങനെയുള്ള മഹാത്മാവായ മുരളീജിക്ക് രണ്ട് പ്രാവിശ്യം കൈലാസത്തിലേക്കും പോകുവാൻ സാഹചര്യം ലഭിച്ചു രണ്ട് പ്രാവിശ്യവും കൂടി അദ്ദേഹത്തിന് പോയ് വരുവാൻ 7000 രൂപമാത്രമേ ചിലവ് വന്നിരുന്നു എന്ന് മുന്നേതന്നെ  എന്നോട് പറഞ്ഞിരുന്നു രണ്ട് പ്രാവിശ്യവും രണ്ട് വഴിക്കാണ് പോയതെന്നും പറഞ്ഞു അതിനാൽ തന്നെ ആളോട് അന്വേഷിച്ചാൽ ചില പൊടികൈകൾ കിട്ടാതിരിക്കില്ല എന്ന് മനസ്സിൽ കണക്ക് കൂട്ടി  മുരളീദാസ്ജിക്ക് എന്നോട് ചില മാനസിക അടുപ്പമുണ്ട് അതുകൊണ്ട് തന്നെ എന്തെങ്കിലും ഉപായം പറഞ്ഞു തരാതിരിക്കില്ല എന്ന വിശ്വാസവും എനിക്കുണ്ട്
മുരളീജി റാവൽജിയുടെ കെട്ടിടത്തിൽ(ശ്രീശങ്കര അദ്വൈത ഫൌണ്ടേഷൻ) ഉണ്ടായിരുന്നു അവിടെ ചെന്നു .ഈ സ്ഥാപനത്തിന്റെ പ്രധാന കാര്യക്കാരൻ ബാലേട്ടൻ മുരളീജിയോടൊപ്പം ഉണ്ടായിരുന്നു യാത്രയ്ക്ക് തയ്യാറാവുന്നതും വിസയില്ലാതെ നുഴഞ്ഞു കയറി പോവുകയാണെന്നും പറഞ്ഞപ്പോൾ ബാലേട്ടൻ വക കമന്റ് “ഇങ്ങള് ഒരു കാര്യോർത്തോളിൻ.. ഇങ്ങളെ പോലെതന്നെ ബുദ്ധിയെള്ളവരാ അവരും . അപ്പോ ആരും ആരെം പറ്റിക്കാന്നൊന്നും കരുതല്ലെ“


ബാലേട്ടൻ

 ഞങ്ങളെയൊക്കെ സംബന്ധിച്ച് ബാലേട്ടൻ ഒരു സംഭവമാണ് . കഴിഞ്ഞ നാൽ‌പ്പത് വർഷമായ് ബാലേട്ടൽ ബദ്രിനാഥിന്റെ സ്പന്ദനങ്ങൾ അറിയുന്നതാണ്. മുടങ്ങാതെ ഒരോ റാവൽജിമാരോടെത്തും അവരുടെ കാര്യക്കാരനായ് നിന്ന് ബദ്രിനാഥിന്റെ ചരിത്രവും സ്പന്ദനങ്ങളും ബാലേട്ടനറിയുന്നത്ര ആർക്കും അറിയാൻ സാദ്ധ്യമല്ല. പക്ഷേ ആളുടെ നില്പും ഭാവവുമൊക്കെ ഇന്നലെ വന്നിറങ്ങിയ പുതിയ മനുഷ്യനാണ് ഒന്നും ഒരു നിശ്ചയവുമില്ല എന്ന ഭാവത്തിലാണ് . ബാലേട്ടൻ ആയിരത്തി തൊള്ളായിരത്തിഅറുപത്തിയെട്ടിലാണ് ബദ്രിനാഥിലെത്തുന്നത്. അന്ന് ഒരു ചെറുപ്പക്കാരൻ . ബാലേട്ടന്റെ നാട് വടകരയാണ് അച്ഛൻ വഴി ചിറക്കൽ കോവിലകവുമായ് ഉള്ള പരിചയത്തിന്റെ പുറത്ത് അവിടുത്തെ സൌദാമിനി ടീച്ചറിനെ ബാലേട്ടൻ അറിയുമായിരുന്നു . സ്വാതന്ത്ര സമരവുമായ് ബന്ധപെട്ട് ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ സ്വർണ്ണാഭരണങ്ങൾ ഊരി സംഭാവനനൽകി സ്വാതന്ത്രസമരത്തിന്റെ ഏടുകളിലൂടെ തന്നെ പ്രശസ്തയായ വനിതയാണ് ടീച്ചർ.  ടീച്ചറുമായുള്ള പരിചയത്തിന്റെ പുറത്ത് ബാലേട്ടൻ അവരുടെ വീട്ടിൽ പോകുമായിരുന്നു . ടീച്ചർക്ക് അക്കാലത്തെ ബദ്രിനാഥിലെ മുഖ്യപുരോഹിതനായിരുന്ന റാവൽജിയുമായ് നല്ല പരിചയം ഉണ്ട്.അങ്ങനെയിരിക്കെ നടയടച്ച് തിരിച്ച് കേരളത്തിൽ വരും വഴി റാവൽജി ടീച്ചറുടെ അവിടെയും എത്താറുണ്ട്. അങ്ങനെയൊരിക്കൽ റാവൽജി വരുമ്പോൾ ബാലേട്ടനും റാവൽജിയെകണ്ട് നമസ്കരിക്കാൻ പറ്റി . നമസ്കാരമൊക്കെ നമ്മളെപോലുള്ള എളിയ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണെങ്കിലും ഇത്ര വലിയ മനുഷ്യനെ എങ്ങനെ നമസ്കരിക്കും എന്ന് ശങ്കിച്ചു നിന്ന ബാലേട്ടനെ സഭാകമ്പം മാറ്റി ടീച്ചർ പറഞ്ഞ് ചെയ്യിപ്പിച്ചു.  ബാലേട്ടനോട് “നിനക്ക് റാവൽജിയ്ക്കൊപ്പം പോകണമോ“ എന്നു ടീച്ചർ ചോദിച്ചു . നാടൊക്കെ കാണാമല്ലൊ എന്ന ആഗ്രഹത്തിന് സമ്മതം മൂളി .എങ്കിൽ റാവൽജിയോട് ചോദിക്കാമെന്ന് ടീച്ചർ പറഞ്ഞു. അങ്ങനെ ടീച്ചർ റാവൽജിയോട് ചോദിക്കുന്നു. അടുത്ത പ്രാവിശ്യം വരുമ്പോൾ കൊണ്ട് പോകാം എന്നു പറയുന്നു. അടുത്ത പ്രാവിശ്യം മടങ്ങി വരുമ്പോൾ റാവൽജി ടീച്ചറോട് ചോദിച്ചു ടീച്ചർ ഒരാളെ പറഞ്ഞില്ലെ അയാളെ കിട്ടിയാൽ നന്നായിരുന്നു എന്ന് . അത് പ്രകാരം ടീച്ചർ ബാലേട്ടനെ അറിയിക്കുന്നു. വീട്ടിൽ സമ്മതം ചോദിച്ചപ്പോഴാണ് അതിലും രസം ബാലേട്ടന്റെ വിവരണ പ്രകാരം അന്ന് മദ്രാസിൽ പോണെന്നുപറഞ്ഞാൽ തന്നെ നാട്ടിൽ വല്ല്യ സംഭവമാണ് . അപ്പോൾ ബദ്രിനാഥെന്നു പറഞ്ഞാൽ വീട്ടുകാർ വിചാരിച്ചു ജപ്പാനോ മറ്റോ പോകും പോലെ ആണെന്ന് കരുതി വിലക്കി . ബാലേട്ടന്റെ ഭാഷയിൽ “ ഓരുടെ വിചാരം അതെന്തോ വെറെ ദൂരെ രാജ്യത്ത് പോകും പോലെ അപ്പോ ഞാൻ പറഞ്ഞ് ഇങ്ങള് സമാധാനിക്ക് എനക്ക് നാടൊക്കെ കാണണം എന്നാഗ്രഹോണ്ട് ബദ്രീനഥെന്നു പറഞ്ഞാ അങ്ങ് ഡല്ലീന്നും പോണം എന്നൊക്കെ”  അങ്ങനെ  ഒരു  വിധം പറഞ്ഞു സമ്മതിപ്പിച്ചു യാത്രാനുമതി തരമാക്കി. മദ്രാസിലേക്ക് ചെല്ലാനാണ് റാവൽജീ പറഞ്ഞത് അത് പ്രകാരം ഒരു വിധം അന്വേഷിച്ച് റാവൽജി താമസിക്കാറുള്ള മദ്രാസിലെ പ്രശസ്തമായ് വുഡ്ലാൻസ് ഹോട്ടലിൽ ചെന്നു അവിടെ ചെന്നപ്പോൾ അവിടെയില്ല അവരുടെ വീട്ടിൽ അന്വേഷിക്കാൻ പറഞ്ഞു പിന്നെ അവരുടെ വീട്ടിൽ ചെന്നപ്പോൾ വന്നിട്ടില്ല എന്നു പറഞ്ഞു പിന്നെ  ചെങ്ങന്നൂരുള്ള ആവണക്കാട്ടില്ലത്ത് ഒടുവിൽ എത്തിച്ചേർന്നു അങ്ങനെ റാവൽജിയെ കണ്ടുമുട്ടി . റാവൽജിയായിരുന്ന കേശവൻ നമ്പൂതിരിയെന്ന  യുവാവ് അമ്മയ്ക്ക് ഒരു മകൻ മാത്രം ആയിരുന്നു. അദേഹത്തിനൊപ്പം ബദ്രിനാഥിനെ കണ്ടറിഞ്ഞ ബാലേട്ടൻ ഇന്ന് അവിടെയുള്ള ഏറ്റവും പഴയ മലയാളി സാന്നിദ്ധ്യം ആണ്. ബാലേട്ടൻ പറയാതെ തന്നെ കേശവൻ റാവൽജിയുടെ അവസാന കഥ എനിക്ക് കിട്ടിയിരുന്നു. അത്  തികച്ചും യാദൃശ്ചികമായ്  സംഭവിച്ചതാണ്. ജി എൻ നമ്പൂതിരി എന്ന 90 കഴിഞ്ഞ വൃദ്ധൻ എനിക്കൊപ്പം കാശിയിൽ ഒരു മഠത്തിൽ കഴിഞ്ഞിരിന്നു. പ്രായാ‍ധിക്യമുള്ള അദ്ദേഹത്തിന്റെ അത്യാവിശ്യകാര്യങ്ങൾ ഒക്കെ ഞാനാണ് നടത്തിയിരുന്നത് . അദ്ദേഹത്തെപറ്റി മലയാളം വാരികയിൽ ഒരു ആർട്ടിക്കൾ എഴുതിയിരുന്നു അതിനിടയിൽ ആണ് ഈ കഥ അറിയാനിടയായത്. ഒരു പ്രാവിശ്യം അമ്പലം അടച്ച് നേരെ കാശിയിലേ തന്റെ ഭക്തജനങ്ങളെ സന്ദർശിക്കാൻ റാവൽജി എത്തി. അവിടെ എത്തിച്ചേർന്നതും അദ്ദേഹത്തിന് അസുഖം പിടിപെട്ടു . വസൂരി . ദേഹം മുഴുവൻ വിണ്ട് കീറി മൂന്നിന്റെയന്ന് മരണമടഞ്ഞു അന്ന് കാശിയിലുണ്ടായിരുന്ന മലയാളി സാന്നിദ്ധ്യങ്ങളിൽ ഒന്നായിരുന്ന ജി എൻ നമ്പൂതിരിപ്പാട് അദ്ദേഹത്തിന്റെ മരണസമയത്ത് അടുത്തുണ്ടായിരുന്നു.  റാവൽജീയായിട്ടു പോലും ശവദാഹം നടത്തിയത് മണികർണ്ണികയിലോ ഹരിശ്ചന്ദ്രാ ഘാട്ടിലോ ഒന്നുമല്ല .രോഗം പിടിപെട്ട് മരിക്കുന്നവരെ ഒക്കെ അക്കാലം അസ്സി ഘാട്ടിലാണ് ദഹിപ്പിക്കുന്നത്. ഇപ്പോഴതൊക്കെ മാറി ഏതു മാറാരോഗിയെയും മണികർണ്ണികയിൽ ദഹിപ്പിക്കും. അമ്മയ്ക്ക് ഒരു മകൻ മാത്രമായിരുന്ന അദ്ദേഹത്തിന്റെ മരണം വളരെ ദുഃഖകരമാണെന്ന് ജി എൻ നമ്പൂതിരി പറഞ്ഞിരുന്നു.
അതിനൊക്കെ ശേഷം ബദ്രിനാഥ് അടിമുടി മാറി. സൌകര്യങ്ങളും ഏറി. ബാലേട്ടൻ ഇപ്പോഴും ‘ഇന്നു വൈകിട്ട് വന്നിറങ്ങിയ യാത്രികനെ പോലെ‘ സൌ‌മ്യനായ് നാരായണാർവ്വതത്തിലും നരപർവ്വതത്തിലും മാറിമാറി കയറിയിറങ്ങുന്നു. ഇത്രയൊക്കെ ലളിതമായ് പറഞ്ഞ് ബാലേട്ടനെ പരിചയപ്പെടുത്താം അതിനപ്പുറം ഇദ്ദേഹത്തിന്റെയൊക്കെ ജീവിതാനുഭവം എത്ര ഓർമ്മക്കുറിപ്പുകളെ കവച്ചുവെക്കില്ലെന്നാരറിഞ്ഞു. ഒന്നരാടം ദിവസങ്ങളിലാണ് ബാലേട്ടന്റെ കുളി.ഞങ്ങൾ അവിടെയുള്ള ദിവസങ്ങളിലൊക്കെ ഞാനും പങ്കു ചേരും.രാത്രി ഒൻപത് മണിക്ക് ശേഷം തപ്തകുണ്ഡിലേക്ക് പോകും മഞ്ഞു പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ കാണപ്പെടുന്ന ഒന്നാണ് ചൂട് നീരുറവ.ബദ്രിനാഥ് അമ്പലത്തിൽ ചൂടു നീരുറവ ഉണ്ട്. അത് സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഉണ്ട്. ഇത് കൂടാതെ മലയാളികളായ റാവൽജീമാർക്കായ് പ്രത്യേക സ്നാനമന്ദിരവും ഉണ്ട്. അതും തപ്തകുണ്ടിനരികിലാണ്. ദിവസവും നാല് പ്രാവിശ്യം റാവൽജീമാർ കുളിക്കണം കൊടും തണുപ്പിലെ ഈ കുളി ഇവരുടെ ആരോഗ്യത്തിന് എത്ര ദോഷകരമായിരിക്കും എന്നൂഹിക്കാവുന്നതാണ്.പക്ഷേ കേരളീയ സമ്പ്രദായ പ്രകാരമുള്ള വിധികളിൽ ഇവർ കടുകിട വ്യത്യാസം വരുത്താറില്ല.(എന്നാൽ ശബരിമലയിൽ പരികർമ്മത്തിനു പോകാറുള്ള എന്റെ സുഹൃത്തുക്കൾ രാവിലെ എന്തായാലും കുളിക്കില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.) തപ്ത കുണ്ഡിൽ ദിവസവും ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെള്ളം തുറന്ന് വിട്ട് കഴുകി വിനയമാക്കും.എന്നിട്ട് വീണ്ടും വെള്ളം നിറയ്ക്കും അത് അറുപത് ഡിഗ്രിക്ക് മുകളിൽ ആയിരിക്കും ആ ചൂടിൽ കുളിക്കാൻ പറ്റില്ലാത്തത് കൊണ്ട് കുണ്ഡിനു വെളിയിൽ ചൂടുവെള്ളത്തിന്റെ മറ്റൊരു കുളത്തിലായിരിക്കും എല്ലാവരും കുളിക്കുക. ഈ സമയം ശങ്കരേട്ടനും ബാലേട്ടനും കുളിക്കാൻ ഒരുങ്ങും ഒരുമണീക്കൂർ മുൻപേ ഇറങ്ങി തുടങ്ങിയാൽ എന്നു വെച്ചാൽ എട്ടു മണിക്കേ ഒരുങ്ങിയിറങ്ങിയാൽ മാത്രം ഒൻപത് മണിക്ക് സംഭവം നടക്കും ഇല്ലെങ്കിൽ ബുദ്ധിമുട്ടും.അവിടെയെത്തുമ്പോൾ നാനാ ദിക്കിൽ നിന്നും എത്തിയ യാത്രികളിൽ കുറച്ചു പേരൊക്കെ അവിടെതന്നെ ചുറ്റി പറ്റി നിൽ‌പ്പുണ്ടാകും.പലരും തപ്തകുണ്ഡിൽ കുളിക്കാൻ ശ്രമിച്ച് ചൂട് മൂലം പരാജയപെട്ട് തൊട്ടരികിലുള്ള ചൂടുവെള്ളത്തിലേക്ക് കുളിമാറ്റും.അപ്പോഴാണ് ബാലേട്ടൻ എണ്ണയൊക്കെ പുരട്ടിയെത്തുക.ഇപ്പോൾവന്നിറങ്ങിയ മുഖമുള്ള ബാലേട്ടനെ പലരും നിരുത്സാഹപെടുത്തും. ചിലരുപദേശങ്ങൾ നൽകും ഓ... ഓ.. ഓ.. ഹാജി ഹാ എന്നു എല്ലാം തലകുലുക്കി കേട്ട ശേഷം പതിയെ ഇറങ്ങി കുളിച്ച് കയറി പോരും. ഈ സമയം തപ്തകുണ്ഡിലിറങ്ങാൻ ചെറിയ ഒരു ടെക്നോളജി നമ്മൾ പ്രയോഗിക്കും, അതിന്റെ കാരണം ശങ്കരേട്ടനാണ് പറഞ്ഞ് തരുന്നത്.ടെക്നോളജിയെന്തെന്നാൽ ആദ്യം കാല് മാത്രം കുണ്ഡിലിട്ടിരിക്കും അതിനു ശേഷം വളരെ സാവധാനം ശരീരം മുഴുവൻ ഒന്നു മുക്കും വീണ്ടും കയറി കരയ്ക്കിരിക്കും ശരീരം തണുത്തശേഷം വീണ്ടും മുങ്ങുംഅങ്ങനെ അന്തരീക്ഷത്തിലെ ചൂടുമായ് ഇണങ്ങി ജലത്തിലിറങ്ങിയാൽ പിന്നെ വെള്ളത്തിനു ചൂടനുഭവപെടുകയില്ല. അരമണിക്കൂർ ആ ചൂടുവെള്ളത്തിൽ കിടന്ന് എല്ല് ചൂടാക്കി കഴിഞ്ഞാൽ അഞ്ച് ഡിഗ്രി മാത്രമുള്ള ആ കാലവസ്ഥയിൽ ഒരു വസ്ത്രവും ഇല്ലാതെ നിന്നാലും തണുക്കില്ല. എന്നു മാത്രമല്ല. രാത്രിയിൽ തണുപ്പ് അനുഭവപെടുകയില്ല.ഇത്തരം കാര്യങ്ങളിലും മറ്റ് ചരിത്രകാര്യങ്ങളിലും ഭാഗവതത്തിലും ഒക്കെ നല്ല അറിവുള്ള മനുഷ്യനാണ് ശങ്കരേട്ടനെന്ന ശങ്കരൻ നമ്പൂതിരി.ബാലേട്ടനും ശങ്കരേട്ടനും ഒരുക്കുന്ന ആതിഥ്യമര്യാദയും രസകരമായ പെരുമാറ്റങ്ങളും ബദ്രീ ജീവിതത്തിന്റെ കാഠിന്യങ്ങളെ ആരും മറന്നു പോകും.

വീണ്ടും യാത്രവഴിയിൽ കയറാം

മുരളീജി എന്നെയും കൂട്ടി മുറിയിലേക്ക് പോയ് ഞാൻ  അറിഞ്ഞ വിവരങ്ങൾ ഒക്കെ പറഞ്ഞു അദ്ദേഹം പറഞ്ഞത് നമ്മളൊരു കാര്യം നിശ്ചയിച്ചു കഴിഞ്ഞാൽ ആഗ്രഹം പ്രബലവും മറ്റ് ദുരുദ്ദേശ്യവും ഇല്ലാത്തതാണെങ്കിൽ അത് പൂർത്തിയാക്കാൻ പ്രകൃതി സഹായിക്കും. അതിർത്തികളും തോക്കും ഒക്കെ മനുഷ്യർ തന്നെ നിർമ്മിച്ചതല്ലെ അത് ചിലപ്പോൾ എല്ലായിടത്തും വിജയിക്കണമെന്നില്ല അത് കൊണ്ട് അവിടെ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളൊന്നും കണക്കാക്കേണ്ട യാത്ര പൊയ്ക്കൊള്ളു എന്നു പറഞ്ഞു

 ഒരു കടലാസിൽ താൻ രണ്ട് പ്രാവിശ്യവും പോയവഴികൾ അദ്ദേഹം കുറിപ്പാക്കി തന്നു തക്ലാക്കോട്ടു വരെ എത്തിക്കഴിഞ്ഞാൽ ചൈനീസ് കസ്റ്റംസ് ഉണ്ട് അവിടെ ചെന്നു നമ്മുടെ യാത്രാ രേഖകാണിക്കണം ഏകദേശം പത്ത് യുവാൻ കൊടുത്താൽ വിസ അടിച്ച് തരും പക്ഷേ ഈ ചൈനീസ് പട്ടാളത്തിന് നേപ്പാളിയെന്നല്ല അവരുടെ മാതൃഭാഷയൊഴികെ ഒന്നും വായിക്കാനറിയില്ല അത് കൊണ്ട് നമ്മൾ കൊണ്ടെ കൊടുക്കുന്ന ചീട്ട് അവർ തിരിച്ചും മറിച്ചൊക്കെ നോക്കും. പറയുന്നതൊന്നും നമുക്കും മനസ്സിലാകില്ല നമ്മൾ പറയുന്നത് അവർക്കും. എന്തായാലും വിസ അടിച്ചു കിട്ടും അത് പതിനഞ്ച് ദിവസം വരെയ്ക്കാവും.  അവിടെ പുലർച്ചെ   തന്നെ ഓഫീസുകൾ തുറക്കും. ടിബറ്റിലെ ഓഫീസുകൾ ഒക്കെ ചൈനീസ് സമയപ്രകാരമാണ് വർക്ക് ചെയ്യുന്നത്. നേരം അല്പം പുലർന്ന് കഴിഞ്ഞ് പതിയെ യാത്രയാരംഭിച്ചു. ആദ്യം മുന്നേ നടന്ന് പോയ ആ‍ൾക്കാരുടെ പിന്നാലെയാണ് ഞാനും പോയ്കൊണ്ടിരുന്നത് ഇടയിൽ ഞാൻ ഒത്തിരി പിന്നിലായ് ആദ്യ ദിവസത്തെ നടത്തം അത്ര പ്രശ്നമില്ലാതിരുന്നു രണ്ടാം ദിവസം ആയപ്പോൾ അതികഠിനമായ കയറ്റം കാരണം ക്ഷീണം തോന്നി വഴിയിൽ ഉപേക്ഷിക്കപെട്ടു കിടക്കുന്ന ഒരു കെട്ടിടത്തിന്റെ പുറത്ത് രാത്രി കഴിച്ചു കൂട്ടി മൂന്നാം ദിവസം രാവിലെ അതിലും ക്ഷീണം തോന്നി പക്ഷേ മാനസസരസ്സും കൈലാസവും കണ്ടു കൈവണങ്ങാനായി ആറ് ദിവസം എടുത്തു. മാനസ സരസ്സിനെ പരിക്രമം ചെയ്യുവാൻ മൂന്നു ദിവസവും കൈലാസ പരിക്രമ ചെയ്യുവാൻ മൂന്നു ദിവസം എടുത്തു. തിരികെ പോരുമ്പോൾ തക്ലാക്കോട്ടു നിന്നും  നേപ്പാൾ ഗഞ്ചിലേക്ക് വന്നു തിരികെ ഗോരഖ് പുർ വഴി മടങ്ങി. അതിനടുത്ത വർഷം മാനസസരോവരിലെ മേളക്കാലമായിരുന്നു അന്നൊരു ലാമ ദക്ഷിണകൊടുത്തെന്നും ഒരു ഗ്രാമത്തിൽ നിന്നും ഒരു കുഞ്ഞു പെൺകുട്ടി അഞ്ചുരൂപ ദക്ഷിണ തന്നതും നല്ലൊരോർമ്മയായ് മുരളീജി മനസ്സിൽ സൂക്ഷിക്കുന്നു. രണ്ടാം പ്രാവിശ്യം തനിച്ചാണ് യാത്ര ചെയ്തത് ആദ്യ പ്രാവിശ്യം ഒരാൾ കൂടിയുണ്ടായിരുന്നു. ചൈനീസ് നിയമപ്രകാരം ഒരാൾക്ക് തനിച്ച് വിസ ഇപ്പോൾ കൊടുക്കില്ല. എന്നു വെച്ച് ആരും തനിച്ച് പോകുന്നില്ല എന്നു കരുതണ്ട. കാരണം ദയാനന്ദ് ഈ വർഷം ഞങ്ങൾ പോകുന്നതിന് കുറച്ച് ദിവസം മുൻപ് പോയ് വന്നേയുള്ളു.

 ഇട്ടിരിക്കുന്ന വസ്ത്രങ്ങളല്ലാതെ മറ്റ് വസ്ത്രം എടുക്കണ്ട എന്നദ്ദേഹം പറഞ്ഞു  തണുപ്പുള്ള ദിക്കിലെത്തുമ്പോൾ ഒരു കമ്പിളി നെഞ്ചിനു തലങ്ങുംവിലങ്ങുമായി കുറുകെയിടുക ഒരെണ്ണം വിരിച്ചു കിടക്കുവാനായ് തോളിൽ സൂക്ഷിക്കുക ബാഗിൽ പ്ലാസ്റ്റിക് കവർ കരുതുക ചെറിയൊരു സ്റ്റൌവ് വളരെ ഗുണം ചെയ്യും എന്നും പറഞ്ഞു  അങ്ങനെ യാത്രയ്ക്കു വേണ്ട എല്ലാ കരുതലുകളും ഏടുക്കുവാൻ അത് വളരെ ഗുണം ചെയ്തു  പല തരത്തിലുള്ള വഴികളും അദ്ദേഹം വരച്ചു തന്നു അതും കൈവശം എത്തി കഴിഞ്ഞപ്പോൾ മറ്റെല്ലാ ശങ്കകളും അകന്നു ഇനി യാത്രയാവാം എന്നു മനസ്സു മന്ത്രിച്ചു.


നയപാലകാണ്ഡം . 

അതിനടുത്ത ദിവസം രാവിലെ ബദ്രിനാഥിലെ ഗേറ്റ് തുറന്ന് താഴേക്കുള്ള ആദ്യ ബസ്സിനു തന്നെ ഞങ്ങൾ മൂന്ന് പേരും ഹരിദ്വാറിലേക്ക് തിരിച്ചു അവിടെ അയ്യപ്പക്ഷേത്രത്തിൽ തങ്ങി അടുത്ത ദിവസം പതിവു പോലെ പരിചയക്കാരെയൊക്കെ സന്ദർശിച്ചും അത്യാവിശ്യം വേണ്ട ചില സാധനങ്ങൾ വാങ്ങിച്ചും വൈകുന്നേരം വരെ കാത്തിരുന്നു . വൈകിട്ട് എട്ട് മണിക്കാണ് ടണക്പുർ ബൻവാസ ബസ് പുറപ്പെടുന്നത് .രാത്രി പുറപ്പെടുന്ന ബസ് വെളുപ്പിനെ അഞ്ച് മണിക്ക്  ബൻ വാസയിലെത്തും എന്ന് കണ്ടക്ടർ പറഞ്ഞു ബൻ‌വാസ എന്ന സുന്ദരൻ  വഴി പറഞ്ഞു തന്നത് തന്നെ ദത്തചൈതന്യയാണ് ദത്ത ചൈതന്യ നേപ്പാൾ സ്വദേശിയാണ് നേപാളിലെ വിശ്വാസവുമായ് ബന്ധപ്പെട്ട പലവഴികളും അദ്ദേഹം പറഞ്ഞുതന്നു. ബൻ‌വാസയിൽ വെളുപ്പിനെ അഞ്ച് മണിയായപ്പോഴെക്കും ബസ് എത്തി അവിടെ ഒരു കട്ടൻ ചായയൊക്കെ കുടിക്കാൻ കറങ്ങി നടന്നു മഹേന്ദ്രനഗർവഴിയാണ് പോകേണ്ടത് അതിനായ് എങ്ങോട്ട് പോകണം എന്ന് ഒരു ധാരണയുമില്ല അപ്പോഴാണ് വണ്ടിയിൽ ഉണ്ടായിരുന്നു നേപ്പാളികളിൽ ചിലർ എന്തോ കാത്ത് നിൽക്കുന്നപോലെ കൂട്ടം കൂടി നിൽക്കുന്നത്. മഹേന്ദ്ര നഗറിലേക്ക് പോകാനുള്ള വഴി ചോദിച്ചപ്പോൾ അവരും ആ വഴിക്കാണ് കുതിരവണ്ടി കാത്ത് നിൽക്കുകയാണ് എന്നു പറഞ്ഞു ഏകദേശം അരമണിക്കൂർ ചുറ്റി നടന്നപ്പോഴെക്കും കുതിരവണ്ടി ഒരെണ്ണം എത്തി പത്ത് പന്ത്രണ്ട് പേർ കയറും  കുതിരവണ്ടിയിൽ കുറേ നേരം ഇരിന്ന് നേരം വെളുത്തു കഴിഞ്ഞപ്പോൾ പുറപ്പെട്ടു . കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ഒത്തിരി റിക്ഷകളും കുതിരവണ്ടികളും ഒക്കെ നിരന്നു കിടക്കുന്നു ആദ്യം കരുതി എന്തോ വഴി ബ്ലോക്കായതാണെന്ന് അതല്ല ഇനി കയറാൻ പോകുന്നത് ഒരു ഡാമിന്റെ മുകളിലൂടെയാണ് അതിലെയുള്ള വഴി തുറക്കുന്ന സമയം അറിയാവുന്നത് കൊണ്ടായിരുന്നു നേരത്തെയും കുതിരക്കാരൻ വണ്ടി വിടാതെ കിടന്നത് ഏതായാലും അവിടെ അധികസമയം കാത്ത് കെട്ടി നിൽക്കേണ്ടി വന്നില്ല ചൊക് പോസ്റ്റ് പോലെ ഒരു കമ്പുയർത്തിയപ്പോൾ വാഹനങ്ങളോരോന്നായ് ഡാമിനു കുറുകെ മറുകര താണ്ടാൻ തുടങ്ങി അപ്പോൾ ഇപ്പോൾ നമ്മൾ കുറുകെ കടക്കുന്ന നദിയാണ് കാളിനദി ഡാം കെട്ടി അതിലെ വെള്ളത്തെ രണ്ടാക്കി വിട്ടിരിക്കുന്നു ഡാമിന്റെ അക്കരെ എത്തിയതും കുതിരക്കാരൻ ഇറങ്ങി നടക്കുവാൻ പറഞ്ഞു . അതിന്റെ കാരണം നേപ്പാളിന്റെ ചെക് പോസ്റ്റാണ് കുതിരവണ്ടിയിലുണ്ടായിരുന്ന മറ്റെല്ലാവർക്കും ഒപ്പം നടന്ന് മറുകരെ കണ്ട പോലൊരു മരവടി ചെക് പോസ്റ്റ് കടന്ന് കാത്ത് നിന്നപ്പോൾ കുതിരയെ ചെക്കു ചെയ്തെന്ന നാട്യത്തിൽ കുതിരവണ്ടി ഞങ്ങൾക്കരികിലെത്തി. അപ്പോ അതു ശരി ഇതാണോ രാജ്യാന്തര അതിർത്തി. നമ്മളെയൊന്നും പേരിനു പോലും നീയേതു ഊരുകാരൻ എന്നു പോലും ചോദ്യമില്ലെ എന്നു ജ്ഞാനസ്വരൂപിനു സംശയം. എന്നിട്ടും സംശയം തീരാതെ ഇത് നേപാളല്ലെ എന്നും ചോദിച്ചുകളഞ്ഞു.കാരണം പൂർവ്വാശ്രമത്തിൽ ജ്ഞാനസ്വരൂപ് ഗൾഫിലായിരുന്നു ജോലി ചെയ്തിരുന്നത്.അതിർത്തികളെപറ്റി ചെറിയ ധാരണകൾ ഉണ്ട്.


എന്തായാലും അവിടെ നിന്നും കുറച്ച് ദൂരം പിന്നിട്ടപ്പോൾ കുതിരക്കാരൻ ഒരു ബസ് വരുന്നത് ചൂണ്ടി കാണിച്ചു അതിൽ കയറിയാൽ മഹേന്ദ്രനഗർ ബസ് സ്റ്റേഷനിൽ എത്തും എന്നു പറഞ്ഞു സത്യത്തിൽ അധികം അകലത്തിലല്ലായിരുന്നു മഹേന്ദ്രനഗർ അവിടെ ചെന്നപ്പോൾ ഇനി പ്രാഥമികാവിശ്യങ്ങളൊക്കെ കഴിച്ചേക്കാം എന്നു വിചാരിച്ചു അതിനു മുന്നേ തന്നെ  ബസിന്റെ വിവരം അന്വേഷിക്കാം എന്നു കരുതി കൌണ്ടറിൽ ചെന്നപ്പോൾ അറിഞ്ഞത് ബസ് ഉച്ചക്ക് രണ്ട് മണിക്കെയുള്ളു എന്ന് .അത് വരെ എന്തു ചെയ്യും എന്നോർത്ത് വിഷമിച്ചിരിക്കെ ബസ്റ്റാൻഡിന്റെ ഒരു സൈഡിൽ നിറയെ ഹോട്ടൽ കണ്ടു  മിക്കയിടത്തും റൂമുകളുണ്ട് പക്ഷേ ഒരു കുഴപ്പം എല്ലാ ഹോട്ടലികളിലും നിരനിരയായ് മദ്യം നിരത്തി വെച്ചിരിക്കുന്നു. എന്തായാലും കുളിജപാദികൾ നിർവ്വഹിക്കാം എന്നു കരുതി ഒരു മുറിയെടിത്തു.
ഭക്ഷണസാധനങ്ങളിൽ ഒന്നു പോലും വെജിറ്റേറിയനും കാണുന്നില്ല വെയിറ്ററായിട്ടുള്ള പയ്യൻ നൂറുരൂപയ്ക്ക് സാമന്യം അഴുക്ക് കുറഞ്ഞ ഒരു വലിയ മുറി ഏർപ്പാടാക്കി തന്നു ഞാൻ ജ്ഞാനസ്വരുപിനോട് ഹോട്ടലിന്റെ രീതി അത്ര നന്നല്ല എന്ന് തോന്നുന്നു എന്നു സൂചിപ്പിച്ചു പക്ഷേ അതൊരു തുടക്കം മാത്രമായിരുന്നെന്ന് പിന്നിടാണ് തിരിച്ചറിഞ്ഞത് . നേപാൾ ഒരു ഹിന്ദു രാഷ്ട്രമാണെന്നതിനു പകരം ഒരു മദ്യമാംസരാഷ്ട്രം എന്നു തിരുത്തി വായിക്കാം. ഇതിനു തക്ക കരുത്ത് പകരുന്നതാണ് നേപാളിനെ നെടുകെ ഛേദിച്ചു പോകുന്ന എച് 1 എന്ന ഹൈവേയിലൂടെയുള്ള ആദ്യ സഞ്ചാരം തന്നെ ഞങ്ങളെ പഠിപ്പിച്ചത് .പിന്നീടങ്ങോട്ട് നേപാളിന്റെ ഏറ്റവും ഉൾഭാഗങ്ങൾ വരെ മദ്യ മാംസഭുക്കുകളുടെ പറുദീസയാണെന്ന് നമ്മെ ബോധ്യപ്പെടുത്തും എല്ലാ ചെറുകിട ഹോട്ടലുകളിലും ഉത്തരേന്ത്യയിലെ ഡ്ഡാബ മോഡൽ കടകളിലും മദ്യം വിൽക്കും. റോഡു സൈഡിൽ മദ്യം വിളമ്പുന്ന ഹോട്ടലുകളിൽ സ്ത്രീകളൊക്കെ ഏതുരാത്രിക്കും ജോലിചെയ്യുന്നതും കണ്ടു  മഹേന്ദ്രനഗറിൽ ഉച്ചസമയം എന്തൊക്കെയോ കഴിച്ച പോലെ വരുത്തിതീർത്തു ഫലവർഗ്ഗങ്ങൾ വാങ്ങിക്കുവാൻ ബുദ്ധിയുദിച്ചില്ല നമ്മുടെ മനസ്സിലെ ധാരണയിൽ അടുത്ത സ്ഥലങ്ങളിൽ കിട്ടും എന്നായിരുന്നു . യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എന്തെന്നില്ലാത്ത രാജ്യസ്നേഹം എന്റെയുള്ളിൽ തികട്ടി വരുന്നു  അതിന്റെ കാരണം വഴിയിൽ കടന്നു പോകുന്ന മിക്കവാറും പാലങ്ങൾ നിർമ്മിച്ചു നൽകിയിരിക്കുന്നത് ഇന്ത്യാ ഗവണ്മെന്റാണ് അതു ശരി അപ്പോ നമ്മുടെ നാട്ടിൽ ആവിശ്യത്തിന് പാലം പണിയുവാൻ നാട്ടുകാർ അലമുറയിട്ടു കരഞ്ഞാലും അടുക്കാത്ത ഈ വേന്ദ്രന്മാർ  അയൽ രാജ്യത്ത് ആവിശ്യത്തിനു പാലം പണിഞ്ഞു നൽകുന്നെണ്ടല്ലെ ഇതാണ് സ്ഥിതിയെങ്കിൽ അടുത്തുള്ള മറ്റ് രാജ്യങ്ങൾക്കും ഇത്തരം സഹായം ചെയ്തു കാണുമോ അത് ശ്രദ്ധിക്കാൻ അവസരം പോയ സമയങ്ങളിൽ ഒന്നും കിട്ടിയിരുന്നുല്ല.

റോഡ് മിക്കവാറും സ്ഥലങ്ങളിൽ സ്കെയിൽ വെച്ചു വരച്ച പോലെ . മറ്റൊരു രസികൻ സംഭവം .റോഡെന്ന പരമ്പരാഗത സംഭവത്തിന്റെ നിറത്തിന് അൽ‌പ്പം ഭേതഗതി വന്നിട്ടുണ്ട് കറുപ്പല്ല നിറം പകരം വെളുത്ത കരിങ്കൽ തുണ്ടുകൾ ഇട്ടിരിക്കുന്നതിനാൽ ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന റോഡിന്റെ കറുത്ത നിറത്തിനെ സൂക്ഷിച്ചു നോക്കിയാൽ ചാര നിറമായിമാറ്റുന്നുണ്ട് ഇടയിൽ ഒന്നു രണ്ടിടങ്ങളിൽ പട്ടാളം വണ്ടി പരിശോധിച്ചു ആർക്കും വേണ്ടാത്ത വസ്തുക്കളെപോലെ ഞങ്ങൾ മൂന്ന് പേരെയും നോക്കുന്നെയില്ല.നേപാളി ഛായ ഉള്ളവരെ പരിശോധിക്കുന്നു. സാമാന്യം വലിയ ബാഗുകൾ ഞങ്ങൾക്കുണ്ടായിട്ടും എന്താണ് എന്ന് പോലും നോക്കിയില്ല.  വണ്ടിചായയ്ക്കായ് നിർത്തിയപ്പോൾ ഭക്ഷണ സാമഗ്രികൾക്കായ് തിരഞ്ഞു നോക്കി. അടുത്തൊരു  ഹോട്ടലിലിൽ പോലും വെജിറ്റേറിയൻ കിട്ടുന്നില്ല നൂഡിത്സ് വളരെ സുലഭമായി കാണുന്നു അതിൽ പോലും വെജിറ്റേറിയൻ ഇല്ല്ല സമീപത്തെ കടകളിൽ കയറി നൂഡിത്സിന്റെ പാക്കറ്റ് തിരഞ്ഞു അവിടെയും വെജിറ്റേറിയൻ ഇല്ല  പിന്നെ ഞങ്ങൾക്ക് ഭക്ഷണം കഴിക്കുവാൻ അടുത്ത ദിവസം പതിനൊന്ന് മണി വരെ ബസിലിരിക്കേണ്ടി വന്നു. ഇടയിൽ ഒന്നു രണ്ട് ദിക്കുകളിൽ രാത്രി ഭക്ഷണത്തിനും ചായയ്ക്കും മാത്രമായി നിർത്തി അപ്പോഴൊക്കെ ഭക്ഷണം തഥൈവ പിന്നെ ജീവിതത്തിൽ ഒരിക്കലും കഴിക്കാനാഗ്രഹിക്കാത്ത കുർകുർ എന്ന റാണീമുഖർജിയുടെ പരസ്യ വിഭവം  യാത്രയിലുടനീളം എനിക്കു തുണയായ്. പച്ച വെള്ളവും കുർകുറും രണ്ട് ദിവസം പ്രധാനഭക്ഷണമാക്കേണ്ടി വന്നു.

 കാഠ്മണ്ടുവിലെത്തിയപ്പോൾ മനസ്സിലൊരാശ്വാസം തോന്നി എന്നു പറയാം കാരണം പശുപതി നാഥ ക്ഷേത്രത്തിന്റെ നേരെ പിന്നിൽ ശങ്കരമഠം ഉണ്ട് അതിലെ സ്വാമിജി ഹരിദ്വാറിലെ ആശ്രമവുമായ് നല്ല ബന്ധത്തിലാണ് കാഠ്മണ്ഡുവിൽ വേണ്ട സഹായം അദ്ദേഹം ചെയ്തുതരാമെന്നാണ് ഏറ്റിരിക്കുന്നത് കാഠ്മണ്ടുവിലെത്തിയശേഷം ശങ്കരമഠത്തിലേക്ക് എത്തി മഠാധിപതിയായ് സ്വാമിജിയെ കണ്ടു ഉത്തരേന്ത്യക്കാരനാണ് ആദ്യം തന്നെ കുളിച്ച്  ഭക്ഷണം കഴിച്ചു അത് കഴിഞ്ഞപ്പോഴാണ്  സ്വാമിജി ഒരു വിഷമത പറഞ്ഞത് കൂട്ടത്തിലുള്ള മാതാജി സന്യാസിനിയാണെങ്കിലും ശങ്കരമഠത്തിൽ താമസിപ്പിക്കുകയില്ല്ല. സ്ത്രീകളെ താമസിപ്പിക്കുവാൻ അവരുടെ പരമ്പര അനുവാദം നൽകിയിട്ടില്ല പകരം മാതാജിക്ക് താമസിക്കുവാൻ സന്യാസിനിമാരുടെ ഒരു സ്ഥാപനം കുറച്ച് ദൂരെയുണ്ട് അവിടെക്ക് അദ്ദേഹം തന്നെ കൂടെ വന്ന് എല്ലാം ഒരുക്കി തരാം എന്നു ആശ്വാസിപ്പിച്ചു. ഭക്ഷണശേഷം മാതാജിയെയും കൂട്ടി സന്യാസിനിമാരുടെ ആശ്രമം തേടിപോയ് അവിടെ ചെന്നപ്പോൾ ഉത്തരവാദിത്വപെട്ട ആരും ഇല്ല എന്നു മാത്രമല്ല അത് അത്ര സുഖകരമല്ല കാഴ്ച  വൃത്തിയിലും മറ്റും എന്ന് ശങ്കരമഠത്തിലെ സ്വാമിജിക്ക് തന്നെ തോന്നി അതിനാൽ ആശ്രമത്തിനോട് ചേർന്ന് തന്നെയുള്ള ഒരു സ്ത്രീകളുടെ സ്ഥാപനത്തിൽ നോക്കി അവിടെയും രക്ഷയില്ല പിന്നെ അൽ‌പ്പം മാറി ഒരു സ്ഥലം പറഞ്ഞു തന്നു. അത് വലിയ ഒരു ധർമ്മശാലയാണ് ഒരാഴ്ചയ്ക്ക് മേൽ താമസിക്കണം എന്നുള്ളത് കൊണ്ട് 500 രൂപ അഡ്വാൻസ് കൊടുത്തപ്പോൾ അവരതിനു സമ്മതിച്ചു സാമന്യം നല്ല മുറിതന്നെ കിട്ടി ആശ്രമത്തിൽ ഞങ്ങൾക്ക് കിട്ടിയതിനേക്കാൾ വളരെയധികം സൌകര്യങ്ങൾ ഉള്ളതായതു കൊണ്ട് ഞങ്ങൾക്കും മാതാജിക്കും അത് സന്തോഷമായ്.  അന്ന് വിശ്രമിച്ചതിന് ശേഷം അടുത്ത ദിവസം മുതൽ വിസ സംഘടിപ്പിക്കുവാനായ് തുടക്കം കുറിച്ചു ആശ്രമ അന്തോവാസിയാണ് എന്ന സർട്ടിഫിക്കറ്റ് നൽകാൻ തക്ക പിടിപാടും ആ കത്ത് വിശ്വസിച്ച് യാത്രാനുമതി അപേക്ഷിച്ച് കൊണ്ടുള്ള അപേക്ഷയിന്മേൽ മേൽനടപടി സീകരിച്ച് ജില്ലാധികാരിയുടെ കുറിപ്പും കിട്ടിയാൽ മാത്രമെ ആദ്യഘട്ടം പൂർത്തിയാവു അത്  ചൈനീസ് എംബസിയിൽ കൊണ്ടെ കൊടുത്താൽ മാത്രമെ യാത്രയ്ക്കുള്ള വിസ അടിച്ചു കിട്ടുകയുള്ളു പക്ഷേ അവിടെയാണ് ഇരുട്ടടി കിട്ടിയത് നമ്മൾ കേട്ടു പരിചയിച്ച കാലഘട്ടം കാഠ്മണ്ഡുവിൽ അവസാനിച്ചിരിക്കുന്നു.രാജവാഴ്ച തീർന്നതും മാവോവാദികളുടെ ആക്രമണങ്ങളും ഒക്കെ കേരളത്തിലെ നക്സൽ കാലഘട്ടത്തിന്റെ വലിയൊരു പതിപ്പായ് അവിടെ അരങ്ങേറുന്നു. എല്ലാവർക്കും എല്ലാവരെയും ഭയം.സ്വത്തും പണവും ഉള്ളവർക്ക് ഇരട്ടിഭയം.ഞങ്ങൾ ചെന്നെത്തിയ ഭരണത്തിൽ പിടിപാടുള്ള ആശ്രമങ്ങൾക്കാവട്ടെ നിലവിൽ രാജ്യത്ത് നടക്കുന്ന സംഭവികാസങ്ങളെക്കുറിച്ചും നല്ലപിടിപാടാണ്. രാജവ് തന്നെ പെരുവഴിയിലായിരിക്കെ എന്തും സംഭവിക്കാമെന്ന അവസ്ഥ അത് ആശ്രമങ്ങളിലും ഭീതി പടർത്തിയിട്ടുണ്ട് പശുപതി നാഥ ക്ഷേത്രത്തിലെ പാരമ്പര്യക്കാർക്ക് നേരെ മാവോയിസ്റ്റുകളുടെ അക്രമണം നടന്നിരിക്കുന്നു ഈ സവിശേഷ സാഹചര്യത്തിൽ ഒരേയൊരു നിർദ്ദേശം മര്യാദയ്ക്കു ട്രാവൽ ഏജൻസി മുഖാന്തിരം വിസയടിച്ച് പോവുക അങ്ങനെ പ്രതീക്ഷയുണ്ടായിരുന്ന ഒരാശ്രമത്തിലെ സന്യാസിയുടെ ഈ വാക്കുകൾ കേട്ടതും അതും ഒന്നു പരീക്ഷിച്ചുകളയാം എന്നു കരുതി അതേതയാലും നന്നായി.ഒരേജൻസീക്കാരൻ വെറും 55000 രൂപ മാത്രം മതി എന്നു പറഞ്ഞു അതു കേട്ടപാടെ ഞാനും ജ്ഞാനസ്വരൂപും മുഖത്തോട് മുഖം നോക്കി ചിരിച്ചു. എന്തായാലും ഏജൻസി സ്വപ്നം ഒഴിവാക്കി പിന്നെ ശങ്കരമഠത്തിലെ സ്വാമിയോട് ഒരിക്കൽ കൂടി വല്ല രക്ഷയും ഉണ്ടോ എന്നന്വേഷിക്കാൻ ഏൽ‌പ്പിച്ചു കാഠ്മണ്ഡുവിലെ  ഒരു ഭേദപ്പെട്ട ഉദ്യോഗസ്ഥനും ഏതാണ്ട് ഇതേ കാര്യം തന്നെ സ്വാമിജിയോട് സൂചിപ്പിച്ചു വല്ലാത്ത കാലമാണ് എന്തെങ്കിലും പറ്റിയാൽ ഒന്നും ചെയ്യാനും പറ്റില്ല. എന്തായാലും യാത്ര ഏകദേശം മുടങ്ങും എന്നുറപ്പായി അപ്പോഴാണ് എന്തായാലും കുറച്ച് ദിവസം കാഠ്മണ്ഡുവിൽ ഉണ്ടാകും അത്യാവിശ്യം സ്ഥലങ്ങളൊക്കെ കണ്ടു ഇനി  മുക്തിനാഥിലേക്ക് പോയാൽ കൊള്ളാം എന്ന ആഗ്രഹം ആശ്രമം സ്വാമിജിയോട് പറഞ്ഞു അത് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു അവിടെ ചെന്നു ഒന്നു പ്രാർഥിക്കു എന്റെ മനസ്സു പറയുന്നു അവിടെ നിന്നും നിങ്ങൾക്ക് മാനസസരസ്സിലേക്കുള്ള യാത്ര തരപ്പെടും.അതെന്തായാലും നന്നായ് മറ്റൊരു യാത്രയുടെ തുടക്കം

വഴി  പറയാം

ഡൽഹിയിൽ നിന്നും നേരിട്ട് ബൻ വാസ എന്ന സ്ഥലത്തേക്ക് ബസ്സുണ്ട്.ടണക് പുർ എന്നായിരിക്കും ബോർഡ്. ഹരിദ്വാറിൽ നിന്നും രാത്രി എട്ട് മണിക്കും ഒൻപത് മണിക്കും ആയി രണ്ട് ബസ്സുകൾ വെളുപ്പിനെ ബൻവാസയിൽ എത്തും അവിടെ നിന്നും വെറും ചായ കുടിച്ച് കുതിര വണ്ടി കയറി അതിർത്തി പിന്നിട്ടാൽ മഹേന്ദ്രനഗർ എന്ന കുഞ്ഞു പട്ടണത്തിൽ എത്താം .മഹേന്ദ്രനഗറിൽ നിന്നും ഉച്ചയ്ക്ക് കാഠമണ്ഡുവിന് ബസ്സുണ്ട്. അടുത്ത ദിവസം രാവിലെ പത്ത് പതിനൊന്ന് മണിയാകുമ്പോഴേക്കും കാഠ്മണ്ഡുവിലെത്താം.എഴുന്നൂറ് രൂപയുണ്ടെങ്കിൽ കാഠ്മണ്ഡുവിൽ എത്താം.ഡൽഹിയിൽ നിന്ന് നേരിട്ട് കാഠ്മണ്ഡു ബസ്സുണ്ട് അതിനു കാശല്പം കൂടും.കാഠ്മണ്ഡുവിൽ നിന്നും കൈലാസത്തിലേക്ക് ഒരാൾക്ക് വിസയടക്കം 55000 രൂപയോളം വരും.ലാൻസ് ക്രൂസറിലായിരിക്കും യാത്ര.നിലവിൽ മറ്റുവഴികളിലൂടെയുള്ള നടന്ന് പോക്ക് നിലച്ചിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെതൊഴികെ.